ലണ്ടന്‍: ബ്രിട്ടണിലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബോളിസ് ജോണ്സണ് വീണ്ടും അധികാരത്തില്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ ജയമാണ് നേടിയിരിക്കുന്നത്. നിലവില്‍ ആകെയുള്ള 650 സീറ്റുകളില്‍ 645 സീറ്റുകളിലെ ഫലവും പുറത്തുവന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 361 സീറ്റുകള്‍ നേടി വമ്പന്‍ ജയമാണ് നേടിയിരിക്കുന്നത്.കഴിഞ്ഞ തവണത്തേക്കാള്‍ 47 സീറ്റുകള്‍ അധികമാണ് നേടിയിരിക്കുന്നത്.
രണ്ടാം സ്ഥാനത്തുള്ള ലേബര്‍ പാര്‍ട്ടി നിലവില്‍ 203 സീറ്റിലേക്ക് ഒതുക്കപ്പെട്ടു. 59 സീറ്റുകളാണ് കഴിഞ്ഞതവണത്തേക്കാള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്. മറ്റെല്ലാവരും ചേര്‍ന്ന് 81 സീറ്റുകളും നേടിയിട്ടുണ്ട്.തലസ്ഥാന നഗരമായ ലണ്ടനില്‍ പക്ഷെ ജയം ലേബര്‍ പാര്‍ട്ടിക്കൊപ്പമാണ്. ആകെയുള്ള 73 സീറ്റുകളില്‍ 49 ലേബര്‍ പാര്‍ട്ടി നേടിയപ്പോല്‍ കണ്‍സര്‍വേറ്റീവ് 21 സീറ്റുകളാണ് നേടിയത്. ഇരു പാര്‍ട്ടികളുടേയും നേതാക്കളായ ബോളിസ് ജോണ്‍സണും ജെര്‍മീ കോര്‍ബിനും അവരവരുടെ ലണ്ടന്‍ സീറ്റുകളില്‍ മികച്ച ജയം നേടി.
ബ്രക്സിറ്റ് നടപ്പാക്കാന്‍ ശക്തമായ പ്രചരണമാണ് ബോറിസ് നടത്തിയത്. അതിനാല്‍ത്തന്നെ നിലവില്‍ കിട്ടിയിരിക്കുന്ന ജയം ബ്രക്സിറ്റിനുള്ള ബ്രിട്ടീഷ് ജനതയുടെ പിന്തുണയാണ് കാണിക്കുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.