ഇന്സ്റ്റലേഷന് വെച്ച ഒരു വാഴപ്പഴം ലേലത്തില്‍ 85 ലക്ഷം രൂപ വിലയ്ക്കാണ് വിറ്റ് പോയത്. മിയാമി ബീച്ചിലെ ആര്‍ട്ട് ബേസില്‍ നടന്ന പ്രദര്‍ശനത്തിലായിരുന്നു ചുമരില്‍ ഒട്ടിച്ച പഴം ലേലത്തില്‍ പോയത്. എന്നാല്‍ പഴത്തിന് പകരം ഇപ്പോള്‍ ചുമരില്‍ ഒട്ടിച്ചത് ടിയര്‍ ഗ്യാസ് ഷെല്‍ ആണ്. ഹോങ്കോങ് പൊലീസാണ് ഈ മനോഹരമായ കലാസൃഷ്ടിക്ക് പുറകില്‍.
ഗ്യാസ് ഷെല്ലും ചുമരില്‍ ഒട്ടിച്ച ചിത്രവും ട്വിറ്ററിലൂടെയാണ് ഹോങ്കോങ് പൊലീസ് പുറത്തുവിട്ടത്. സമാധാനം നിലനിര്‍ത്തണമെന്ന സന്ദേശമാണ് ഇതിലൂടെ പൊലീസ് മുന്നോട്ട് വെക്കുന്നത്.
‘ഒരു പൊലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം കണ്ണീര് വാതകം പ്രയോഗിക്കുക എന്നത് അവസാന ആശ്രയമാണ്. പ്രതിഷേധക്കാര്‍ അക്രമാസക്തരായില്ലെങ്കില് ഹോങ്കോംങ് സുരക്ഷിതമായിരിക്കും. ബലപ്രയോഗം നടത്തേണ്ട ആവശ്യമുണ്ടാവില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
ചുമരില്‍ ഒരു വാഴപ്പഴം ടേപ്പ് കൊണ്ടൊട്ടിച്ച് രീതിയിലായിരുന്നു മൗറീസിയോ കറ്റെലനെയുടെ ഇന്സ്റ്റലേഷന്. എന്നാല്‍ ആര്‍ട്ട് ഗ്യാലറി സന്ദര്‍ശനത്തിനെത്തിയവരെ അമ്പരിപ്പിച്ചു കൊണ്ട് ഡേവിഡ് ദറ്റിയൂന ചുമരില്‍ നിന്ന് പഴമെടുത്ത് കഴിച്ചു. നിരവധി പരമ്പരകളിലൂടെ പ്രശസ്തനായ ജോര്‍ജിയന്‍ കലാകാരനാണ് ഡേവിഡ്.
‘വിശക്കുന്ന കലാകാരന്’ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ടാണ് ഡേവിഡ് വാഴപ്പഴം അകത്താക്കിയത്. മൗറീസിയോ കറ്റെലനെ ഇഷ്ടമാണെന്നും ആ ഇന്സ്റ്റലേഷന് ഏറെ ഇഷ്ടമായെന്നും പറഞ്ഞു കൊണ്ടാണ് ഡേവിഡ് പഴം കഴിച്ചത്. എണ്‍പത്തിയഞ്ച് ലക്ഷം രൂപയുടെ പഴം ഡേവിഡ് കഴിക്കുന്നത് ആളുകള്‍ കൗതുകത്തോടെയും പൊട്ടിച്ചിരികളോടെയുമാണ് സ്വീകരിച്ചത്.