ലക്നൗ: വ്യാജ രേഖകള്‍ ചമച്ച് ജോലിയില്‍ പ്രവേശിച്ച അധ്യാപകരെ സസ്പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ അധ്യാപകരായിരുന്ന മുപ്പത്തി മൂന്ന് പേരെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്.
വ്യാജ രേഖകള്‍ ചമച്ചാണ് പലരും പ്രൈമറി സ്കൂളുകളില്‍ അസിസ്റ്റന്റ് അധ്യാപകരുടെ ജോലി നേടിയതെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പുറത്താക്കിയത്. സംസ്ഥാനത്ത് ആകെ 4,704 പേര്‍ക്ക് വ്യാജ ബിഎഡ് ഡിഗ്രിയുടെ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടവരെയാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ള കേസുകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.