കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് കണ്സെഷന് അനുവദിക്കുന്നത് നയ തീരുമാനമാണെന്നും കോടതിക്ക് ഇതിലിടപെടാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ബസ് യാത്രാ നിരക്കും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആള് കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
സ്കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്സെഷന് അനുവദിക്കുന്നത് സാമൂഹ്യ നീതിയുടെ ഭാഗമാണെന്ന് ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി എസ് സ്മിത നല്കിയ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞു. സ്വകാര്യ ബസുകളിലെ യാത്രക്കാരില്‍ പകുതിയും വിദ്യാര്‍ത്ഥികളാണെന്നും കണ്‍സെഷന്റെ ഭാരം തങ്ങള്‍ക്കാണെന്നുമുള്ള വാദം ശരിയല്ല. ഇതു തെളിയിക്കാനുള്ള വിവരങ്ങളോ വസ്തുതകളോ ഹര്‍ജിയിലില്ല. എയ്ഡഡ്, അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചില സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി വാഹനങ്ങളുണ്ട്. അതുകൊണ്ട് തന്നെ സ്വകാര്യ ബസുടമകളുടെ വാദം തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍, യൂണിഫോം, ഉച്ചഭക്ഷണം തുടങ്ങിയ സൗജന്യമായി നല്‍കുന്നതും യാത്രാ നിരക്കില്‍ കണ്‍സേഷന്‍ അനുവദിക്കുന്നതും സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും ഹൈക്കോടതിയില്‍ അറിയിച്ചു.