കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് സാൽമിയ അമ്മാൻ യൂണിറ്റ് ബാലവേദി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഡിസംബർ 26-ന് നടക്കുന്ന അപൂർവ്വ ആകാശക്കാഴ്ചയായ വലയ സൂര്യഗ്രഹണത്തിന്റെ പശ്ചാത്തലത്തിൽ ജ്യോതിശാസ്ത്രത്തെ കുറിച്ചും ആധുനികശാസ്ത്രത്തിന്റെ വളർച്ചയെക്കുറിച്ചും ചർച്ച ചെയ്യുവാനും പഠിക്കുവാനുമായി എക്ളിപ്സ് 2019 എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 19 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് സാൽമിയ കല സെന്ററിൽ വെച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. കുട്ടികളിലെ ശാസ്ത്രീയ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സെമിനാറിൽ കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ ചീഫ് ടെക്നിക്കൽ ഓഫീസർ ആയ ശ്രീ. ഷാജി ജോസഫ് ക്ലാസ്സ് നയിക്കും. തുടർന്ന് മാനവരാശിയുടെ പുരോഗതിയിലേക്ക് നയിച്ച ശാസ്ത്രത്തിന്റെ നാൾവഴികൾ ഓർമ്മിപ്പിക്കുന്ന ‘നിഴലും വെളിച്ചവും‘ എന്ന ഹ്രസ്വ ഡോക്യുമെന്ററി പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 66517915 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.