ഗുരുവായൂര്‍: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അയ്യപ്പ ഭക്തര്‍ക്കിടയില്‍ പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആന്ധ്ര സ്വദേശി സഞ്ജു റായിഡു(60), സ്‌കൂട്ടര്‍ യാത്രികരായ ചാവക്കാട് തറയില്‍ വീട്ടില്‍ രാഹുല്‍(17), ആരജ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം നടന്നത്. ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പള്ളി റോഡിനു സമീപമുള്ള പാര്‍ക്കിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
സഞ്ജു റായിഡുവിന്റെ വലതുകാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്. ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ മൂവരേയും തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടറിലെ യാത്രികര്‍ക്ക് നിസാര പരിക്കേറ്റു.