കുവൈറ്റ് സിറ്റി – സെന്റർ ഫോർ ഇന്ത്യാ സ്റ്റഡീസ് കുവൈറ്റ് ഫാഹീൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ലൈഫ്ലൈൻ – ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴി’ എന്ന വിഷയത്തിൽ പൊതുപരിപാടി സംഘടിപ്പിച്ചു. മംഗാഫിൽ വെച്ച് നടന്ന ചടങ്ങിൽ കെ എൻ സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് ജേതാവും, കുവൈറ്റിൽ സുപ്രസിദ്ധ ഓങ്കോളജിസ്റ്റുമായ ഡോ.സുസോവന സുജിത്ത് നായരും, ഇൻടേർണൽ ട്രയിനറും, സി.ഐ.എസ് വൈസ് പ്രസിഡന്റുമായ നിഷ ദിലീപും, വിഷയങ്ങൾ അവതരിപ്പിച്ചു. ജീവിതശൈലീ രോഗങ്ങൾക്കുള്ള കാരണങ്ങളും, അതു കുറയ്ക്കാനും, ഒഴിവാക്കാനുമുള്ള, മാർഗ്ഗ നിർദ്ദേശങ്ങളും, നിഷ ദിലീപ് വിശദീകരിച്ചു.
പുകവലി, മറ്റു പുകയില ഉൽപ്പന്നങ്ങൾ, മദ്യപാനം തുടങ്ങിയവ മൂലം സ്വന്തം ശരീരത്തിനും, കുടുംബത്തിനും, സംഭവിക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ചും, ഇതിൽ നിന്ന് എത്രയും പെട്ടന്ന് വിമുക്കി നേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, ഡോ. സുസോവന സ്ഥിതിവിവരകണക്കുകൾ നിരത്തി വിശദീകരിച്ചു. കൂടാതെ, മൊബൈൽ ഫോണും, ബ്ലൂടൂത്ത് ഉപകരണങ്ങൾ പോലെ വികിരണ ശേഷിയുള്ള ഉൽപ്പന്നങ്ങളുടെ അമിതോപയോഗം മൂലം, പ്രത്യേകിച്ച് കുട്ടികളിൽ, സംഭവിക്കാനിടയുള്ള ആഘാതങ്ങളെ കുറിച്ചും ഡോ.സുസോവന ചൂണ്ടിക്കാട്ടി.
സദസ്യരുടെ മികച്ച പങ്കാളിത്തത്തോടെ നടന്ന ഈ പരിപാടിയിൽ ഉയർന്ന എല്ലാ സംശങ്ങൾക്കും ഡോ. സുസോവനയും നിഷ ദിലീപും മറുപടി നൽകി. ജഗദീഷ് അവതാരകനായ ചടങ്ങിൽ ബിന്ദു സുധീർ സ്വാഗതവും, ബാലമുരുകൻ നന്ദിയും പ്രകാശിപ്പിച്ചു. സി ഐ എസ് ഫാഹീൽ ഏരിയ പ്രസിഡന്റ് സുധീർ വി.മേനോൻ, സെന്റർ ഫോർ ഇന്ത്യാ സ്റ്റഡീസിന്റെ ഉദ്ദേശ്യലക്ഷ്യത്തെ കുറിച്ചും,
മുൻപ് അവതരിപ്പിച്ച വിവിധ പരിപാടികളെ കുറിച്ചും വിശദീകരിച്ചു.