കുവൈറ്റ് സിറ്റി: കേരള സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവാസി സൗഹൃദ പദ്ധതികളെക്കുറിച്ചും ക്ഷേമപദ്ധതികളെ കുറിച്ചും വിശദീകരിക്കുന്നതിക്കുന്നതിനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ മുഖ്യധാര സംഘടനകളുടെ നേതൃത്വം പങ്കെടുത്തുകൊണ്ടുള്ള നേതൃസംഗമം അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ എൻ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.
കുവൈറ്റിലെ വിദ്യാഭ്യാസ-വ്യവസായ പ്രമുഖനും മുൻ മന്ത്രിയും, എൻസിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അനുശോചനക്കുറിപ്പ് കല കുവൈറ്റ് മുൻഭാരവാഹി സികെ നൗഷാദ് അവതരിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് അധ്യക്ഷത വഹിച്ച യോഗത്തിന് കല കുവൈറ്റ് മുതിർന്ന അംഗവും കുവൈറ്റിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ സാം പൈനുംമൂട് സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.