സത്യമപ്രിയം

ഝാര്‍ഖണ്ഡിലെ ബിജെപി തോല്‍വിയും പത്ര മുത്തശ്ശിമാരുടെ അമിതാഹ്ലാദവും

സത്യമപ്രിയം - ജി കെ സുരേഷ് ബാബു

ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 23 തിങ്കളാഴ്ചയാണ് വന്നത്. മലയാള മനോരമയുടെ തലക്കെട്ട് ബി ജെ പിക്ക് തിരിച്ചടി എന്നായിരുന്നു. ഒപ്പം ബി ജെ പിക്ക് ഒരു വര്‍ഷത്തിനിടെ ഭരണം നഷ്ടപ്പെടുന്ന അഞ്ചാമത്തെ സംസ്ഥാനം എന്ന ഷോള്‍ഡര്‍ ഹെഡ്‌ലൈനും ഉണ്ടായിരുന്നു. മഹാസഖ്യ വിജയം എന്ന മുഖ്യതലക്കെട്ടിനൊപ്പം ഝാര്‍ഖണ്ഡില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി എന്നായിരുന്നു മാതൃഭൂമിയുടെ തലക്കെട്ട്. രണ്ട് പത്രങ്ങളുടെയും തലക്കെട്ടുകളില്‍ ഉള്ള സമാനത ആകസ്മികമെങ്കിലും അത്ഭുതാവഹമല്ല.

കാരണം മലയാള മനോരമ നിലകൊള്ളുന്നത് ക്രിസ്തീയ – കോണ്‍ഗ്രസ് താല്പര്യത്തിന് വേണ്ടിയാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഓരോ തലക്കെട്ടിലും ഓരോ വാര്‍ത്തയിലും തങ്ങളുടെ നിലപാട് ആവര്‍ത്തിച്ച് ഉറപ്പിക്കാനും അതേസമയം തന്നെ ബി ജെ പി നേതാക്കളെ കൊണ്ട് തങ്ങളുടെ കാര്യം നടത്താനുമുള്ള കുശാഗ്രബുദ്ധിയും മനോരമയ്ക്കുണ്ട്.

81 അംഗ നിയമസഭയാണ് ഝാര്‍ഖണ്ഡിലുള്ളത്. അവിടെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എന്ന പ്രാദേശിക കക്ഷി 30 സീറ്റും കോണ്‍ഗ്രസ് 16 സീറ്റും ലാലു പ്രസാദിന്റെ ആര്‍ ജെ ഡി ഒരു സീറ്റുമാണ് നേടി ഭരണത്തിലെത്തിയത്. ബി ജെ പി ഒറ്റയ്ക്കാണ് മത്സരിച്ചത്. 25 സീറ്റുകളാണ് ഇക്കുറി ബി ജെ പി നേടിയത്. കഴിഞ്ഞ തവണ ബി ജെ പിക്ക് ഒപ്പമുണ്ടായിരുന്ന എ ജെ എസ് യു രണ്ട് സീറ്റ് നേടി. പന്ത്രണ്ടോളം സീറ്റുകളില്‍ ബി ജെ പി തോറ്റത് 50 നും 2000 നും ഇടയിലുള്ള വോട്ടുകള്‍ക്കാണ്. ബി ജെ പി എ ജെ എസ് യു സഖ്യം അതേപടി തുടര്‍ന്നിരുന്നെങ്കില്‍ രണ്ടു കക്ഷികളുടെയും കൂടി വോട്ട് ചേര്‍ന്നിരുന്നെങ്കില്‍ ഇരുപതോളം സീറ്റുകളില്‍ കൂടി ബി ജെ പി മുന്നണി ജയിക്കുമായിരുന്നു. എ ജെ എസ് യു ഉയര്‍ത്തിയ കൂടുതല്‍ സീറ്റ് എന്ന വാദത്തോട് യോജിക്കാതെയാണ് ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, മുഖ്യമന്ത്രി രഘുബര്‍ ദാസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബി ജെ പി വിട്ട് സ്വതന്ത്രനായി മത്സരിച്ച സരയൂ റായ് ജാംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രിയെ അട്ടിമറിയ്ക്കുകയായിരുന്നു. സംഘടനാ സംവിധാനത്തില്‍ അധികാരത്തിനൊപ്പം എത്തിച്ചേരുന്ന അധികാര പ്രമത്തതയും അച്ചടക്ക രാഹിത്യവും തടയുന്നതില്‍ വീഴ്ച സംഭവിച്ചു എന്നത് സത്യം തന്നെയാണ്. പക്ഷേ, മനോരമയും മാതൃഭൂമിയും പറയുന്നതു പോലെ ബി ജെ പിയുടെ ജനകീയ അടിത്തറ തകരുകയോ വോട്ടിംഗ് ശതമാനം കുറയുകയോ ചെയ്തിട്ടില്ല.

സീറ്റുകള്‍ കുറഞ്ഞെങ്കിലും 2014 നേക്കാള്‍ വോട്ട് വിഹിതം ബി ജെ പിക്ക് കൂടുകയാണുണ്ടായത്. 2014 ല്‍ 37 സീറ്റും 31.26 ശതമാനം വോട്ടുമാണ് ബി ജെ പിക്ക് ലഭിച്ചത്. 2019 ല്‍ സീറ്റ് 25 ആയി കുറഞ്ഞെങ്കിലും വോട്ടിംഗ് ശതമാനം 33.6 ആയി കൂടി. അതേസമയം, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 20.43 ല്‍ നിന്ന് 19.1 ആയി കുറഞ്ഞു. കോണ്‍ഗ്രസ്സിന് നേരിയ ആശ്വാസം നല്‍കി 10.46 ല്‍ നിന്ന് 13.9 ശതമാനമായി കൂടി. സി പി എമ്മിന് ഝാര്‍ഖണ്ഡില്‍ ലഭിച്ചത് 0.32 ശതമാനം വോട്ടാണ്. ഇതാകട്ടെ, നോട്ടയുടെ മൂന്നിലൊന്ന് പോലും വരില്ല. നോട്ട 1.39 ശതമാനമാണ്. പിന്നെ മനോരമ പറയുന്നത് രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയ്ക്കുശേഷം ഒരുവര്‍ഷത്തിനിടെ അധികാരം നഷ്ടപ്പെടുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് ഝാര്‍ഖണ്ഡ് എന്നാണ്. ഇതിനിടെ കര്‍ണ്ണാടകം നഷ്ടപ്പെട്ടതും മടങ്ങിവന്നതും മനോരമയും മാതൃഭൂമിയും മറന്നുപോയി.

കര്‍ണ്ണാടകത്തിലും മഹാരാഷ്ട്രയിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബി ജെ പിയായിരുന്നു. പക്ഷേ, കോണ്‍ഗ്രസ്സിന്റെ അധികാര പ്രമത്തത തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിലൂടെ അധികാരം കൃത്രിമ മാര്‍ഗ്ഗത്തിലൂടെ നേടിയെടുക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ ഒരുമിച്ച് സഖ്യമായി മത്സരിച്ച ശിവസേന മുഖ്യമന്ത്രിക്കസേരയോടുള്ള അത്യാഗ്രഹം കൊണ്ട് ആജന്മ ശത്രുക്കളായ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ എത്തുകയായിരുന്നു. അവിടെയും ജനവിധിയോ ജനഹിതമോ വോട്ടിംഗ് ശതമാനമോ ബി ജെ പിക്ക് എതിരായിരുന്നില്ല. മദ്ധ്യപ്രദേശില്‍ വെറും എട്ടു സീറ്റുകളുടെ വ്യത്യാസത്തിനാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അവിടെയും 50 നും 2000 ത്തിനും ഇടയില്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളുടെ എണ്ണം 20 തിലേറെ ഉണ്ട് എന്ന് കാണുമ്പോഴാണ് ബി ജെ പിയുടെ സംഘടനാ സംവിധാനത്തിലെ ഉദാസീനത വ്യക്തമാകുന്നത്. അവിടെയും സര്‍ക്കാരിനെ മറിച്ച് ഭൂരിപക്ഷം ഉണ്ടാക്കാന്‍ ദേശീയ നേതൃത്വം തയ്യാറാകാത്തതാണ് കമല്‍നാഥ് ഭരണത്തില്‍ തുടരാന്‍ കാരണമെന്നത് എല്ലാവര്‍ക്കും അറിയാം.

2017 ല്‍ രാജ്യത്തിന്റെ 71 ശതമാനം എന്‍ ഡി എയുടേത് ആയിരുന്നത് ഇപ്പോള്‍ 35 ശതമാനമായി ചുരുങ്ങി എന്നാണ് ഭൂപടം കാട്ടി മാതൃഭൂമിയും മനോരമയും ആശ്വാസം കൊള്ളുന്നത്. നേരിയ വോട്ടിന്റെ വ്യത്യാസമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം ഉള്ളതെന്ന് വാര്‍ത്ത എഴുതിയവര്‍ക്കും പത്രാധിപ സമിതിയില്‍ ഉള്ളവര്‍ക്കും അറിയാം. എന്നാലും ബി ജെ പിക്ക് ഒരടി എന്ന രീതിയില്‍, സത്യമെന്ന് തോന്നിക്കുന്ന രീതിയില്‍ അര്‍ദ്ധസത്യങ്ങളാണ് ഈ പത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. വോട്ടിംഗ് ശതമാനത്തില്‍ ബി ജെ പിക്ക് വര്‍ദ്ധനയുണ്ടായതും പുറത്തുപോയ സഖ്യകക്ഷിയുമായി ചേര്‍ന്നിരുന്നെങ്കില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമായിരുന്നു എന്ന കാര്യവും തിരഞ്ഞെടുപ്പ് വിശകലനത്തില്‍ ഒരിടത്തുപോലും പരാമര്‍ശിച്ചിട്ടില്ല. അന്ധമായ മോദി വിരോധവും ബി ജെ പി വിരോധവുമാണ് ഇവരെയൊക്കെ നയിക്കുന്നത്.

ഝാര്‍ഖണ്ഡില്‍ പട്ടികവര്‍ഗ്ഗക്കാരനല്ലാത്ത രഘുബര്‍ ദാസിനെ മുഖ്യമന്ത്രിയാക്കിയതും തിരിച്ചടിക്ക് കാരണമായി ചില മാധ്യമങ്ങള്‍ വിലയിരുത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥിയുടെ ജാതി ,സംവരണ മണ്ഡലങ്ങളിലല്ലാതെ ബി ജെ പി പരിഗണിക്കുന്നത് കുറവാണ്. ആര്‍ എസ് എസ്സിന്റെ ശാഖയിലും പ്രവര്‍ത്തനത്തിലും ഒപ്പമുള്ളവരുടെ ജാതിയോ മതമോ ആരും അന്വേഷിക്കാറില്ല. ശാഖയില്‍ എത്തുന്നവരെല്ലാം സ്വയം സേവകരാണ്. ജാതി ഒരിക്കലും മാനദണ്ഡമല്ല. ഏതാണ്ട് അതേ രീതി തന്നെ തുടരുന്നതുകൊണ്ട് അധികാരത്തിന്റെ സോപാനങ്ങളിലേക്കും ജാതി വിഷയമാകാറില്ല. അതിന്റെ പേരില്‍ ഏറ്റ പരാജയത്തെ വിജയമായാണ് ബി ജെ പി കാണുന്നതും.

ഇന്ന് ഭാരതത്തിന്റെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും ഒക്കെ സംഘ സ്വയംസേവകരും ബി ജെ പിക്കാരുമാണ്. ആലസ്യത്തിലേക്കും സുഖനിദ്രയിലേക്കും പോകാനുള്ള സമയമായോ എന്ന് പ്രവര്‍ത്തകര്‍ ആലോചിക്കേണ്ട കാലഘട്ടമാണിത്. ഡോക്ടര്‍ജി പറഞ്ഞ ഹിന്ദുരാഷ്ട്രവും ഗാന്ധിജി പറഞ്ഞ രാമരാജ്യവും ഒന്നുതന്നെയാണ്. കഴിഞ്ഞദിവസം ഹൈദരാബാദില്‍ വിജയ സങ്കല്പ് ദിവസത്തോട് അനുബന്ധിച് നടന്ന പടുകൂറ്റന്‍ സാംഘിക്കില്‍ പൂജനീയ സര്‍സംഘചാലക് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ഭാരതത്തില്‍ ജീവിക്കുന്ന 130 കോടി ജനങ്ങളും ഹിന്ദുക്കളാണ്. അദ്ദേഹം വിഭാവന ചെയ്യുന്ന ഹിന്ദു മതാധിഷ്ഠിതമല്ല. വിശ്വാസം കൊണ്ട് വ്യത്യസ്തങ്ങളാണെങ്കിലും ഒരമ്മയുടെ മക്കളെന്ന നിലയില്‍ മുഴുവന്‍ ഭാരതീയരും ഈ ഹിന്ദുസ്ഥാനത്തിന്റെ മക്കളാണെന്ന കാര്യമാണ് മോഹന്‍ജി ഭഗവദ് അടിവരയിട്ടു പറഞ്ഞത്. അതുകൊണ്ടു തന്നെ ബി ജെ പി നശിക്കാനും, നശിച്ചുവെന്ന് ആശ്വാസം കൊള്ളാനും സന്തോഷിക്കാനും വെമ്പല്‍ കൊള്ളുന്ന മനോരമയും മാതൃഭൂമിയും ആഹ്ലാദിക്കുന്നത്ര തകര്‍ച്ച ബി ജെ പിക്ക് ഉണ്ടായിട്ടില്ലെന്ന് വിനയപുരസരം തെര്യപ്പെടുത്തട്ടെ. കോട്ടയം കുമളി റോഡില്‍ ബാങ്ക് ഉദ്ഘാടനത്തിന് പോയ സര്‍ സി പിയെ അധിക്ഷേപിച്ചപ്പോള്‍ കിട്ടിയ മറുപടി മനോരമ മറക്കാതിരിക്കുന്നത് നല്ലതാണ്. ചരിത്രം മറക്കുന്നവര്‍ വിഡ്ഢികളാണെന്ന പഴഞ്ചൊല്ലും.

ജി. കെ സുരേഷ് ബാബു

ചീഫ് എഡിറ്റർ, ജനം ടിവി

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close