യു എ ഇ സന്ദർശിക്കാനെത്തിയ ആഫ്രിക്കൻ പൗരൻ കടത്താൻ ശ്രമിച്ചത് 90,000 യു എസ് ഡോളർ വിലമതിക്കുന്ന അപൂർവ്വ രത്നങ്ങൾ . ഫെഡറൽ കസ്റ്റംസ് അതോറിറ്റി ഷാർജ പോർട്ട്സ് ആന്റ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത് .
വ്യക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് ആഫ്രിക്കൻ പൗരനെ പിടികൂടിയതെന്ന് ഫെഡറൽ കസ്റ്റംസ് അധികൃതർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു . ഇയാൾ ഷാർജ എയർപോർട്ടിൽ എത്തിയ ഉടൻ തന്നെ സംയുക്തമായ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു .
ഇയാൾ ഷാർജ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഏരിയയിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ പാസ്പോർട്ട് വാങ്ങിയ ശേഷം ഷാർജ കസ്റ്റംസിലേക്ക് മാറ്റുകയായിരുന്നു . തുടർന്ന് ബാഗുകളും പരിശോധിച്ചു .
ഷാർജ കസ്റ്റംസ് വിഭാഗം ഇയാളെ സ്ക്രീനിംഗ് ഉപകരണത്തിനു മുന്നിലെത്തിച്ചു . തുടർന്നാണ് ഏകദേശം 90,000 ഡോളർ വിലമതിക്കുന്ന 297 ഗ്രാം പരുക്കൻ വജ്രങ്ങൾ അടങ്ങിയ മൂന്ന് പ്ലാസ്റ്റിക് സഞ്ചികൾ വയറ്റിൽ ഒളിപ്പിച്ചതായി വെളിപ്പെടുത്തിയത് .
താൻ മുമ്പ് പലതവണ യു എ ഇ യിൽ വന്നിട്ടുള്ളതായും എന്നാൽ ആ സമയങ്ങളിലൊന്നും താൻ കള്ളക്കടത്ത് നടത്തിയിട്ടില്ലെന്നും ഇയാൾ പറഞ്ഞു . യു എ ഇയിലെ വജ്രവ്യാപാരികളുമായി ബന്ധപ്പെട്ട് തുടർ അന്വേഷണം നടത്തുമെന്നാണ് സൂചന .