ശ്രീനഗര്‍ : ജമ്മു കശ്മീരിലെത്തിയ വിദേശ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എട്ട് പിഡിപി നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കേന്ദ്രസര്‍ക്കാരിന് അനുകൂലമായി സംസാരിച്ച് ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പിഡിപി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പിഡിപി നേതാക്കളായ ദിലാവര്‍ മിര്‍, റാഫി അഹമ്മദ് മിര്‍, സഫര്‍ ഇക്ബാല്‍, അബ്ദുള്‍ മജീദ് പദ്രോ, രാജ മന്‍സൂര്‍ ഖാന്, ജാവിദ് ഹുസ്സൈന്‍ ബെയ്ഗ്, ഖ്വമര്‍ ഹുസൈന്, അബ്ദുള്‍ റാഹിം എന്നിവരെയാണ് വിദേശ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ പുറത്താക്കിയിരിക്കുന്നത്. ഇവരെല്ലാം തന്നെ മുന്‍ എംഎല്‍എമാരായിരുന്നു.
ആഗസ്റ്റ് അഞ്ചിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ തീരുമാനങ്ങളോട് ഐക്യം പ്രകടിപ്പിക്കുകയും, പിഡിപിയുടെ തീരുമാനങ്ങളോട് എതിര്‍പ്പ് കാണിക്കുകയും ചെയ്തതായി പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിലൂടെ ജനവികാരത്തിന് എതിരായാണ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ തുടരാന്‍ ഇവര്‍ യോഗ്യരല്ലാത്തതിനാല്‍ പുറത്താക്കുന്നു എന്നാണ് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
യുഎസ് അംബാസിഡര്‍ കെന്നത്ത് ജസ്റ്ററുള്പ്പെടെയുളള വിദേശ പ്രതിനിധികളും നയതന്ത്ര ഉദ്യോഗസ്ഥരുമാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ജമ്മു കശ്മീരില്‍ എത്തിയത്. കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായാണ് വിദേശ പ്രതിനിധികളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘം ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തു നിന്നെത്തിയ സംഘത്തിനൊപ്പം കശ്മീരില്‍ എത്തിയിരുന്നു.