ന്യൂഡല്‍ഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ജപ്പാന് പ്രതിരോധ മന്ത്രി തരോ കോനോയുമായി സംഭാഷണം നടത്തി. ടെലിഫോണിലൂടെയാണ് ഇരുവരും സംഭാഷണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളിലെയും പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത് എന്നാണ് വിവരം.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആഗോള നയതന്ത്ര പങ്കാളിത്തത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ഉഭയകക്ഷി സുരക്ഷ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും ഇരുവരും ചേര്‍ന്ന് നടത്തിയിട്ടുണ്ട്. ഇതിന് പുറമേ പ്രാദേശിക സുരക്ഷ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തിയതായാണ് വിവരം.
പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗ് അധികാരത്തിലേറിയ ശേഷം രണ്ടാമത്തെ തവണയാണ് ജാപ്പാന്‍ പ്രതിരോധമന്ത്രിയുമായി സംസാരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. ഇന്തോ പസഫിക് മേഖലയിലെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിലാണ് അന്ന് ഇരു പ്രതിരോധമന്ത്രിമാരും ചര്‍ച്ച ചെയ്തത്.