കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ അനധികൃതമായി പിടിച്ചെടുത്ത പടക്കങ്ങള്‍ പോലീസ് നിര്‍വ്വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. അപകടത്തില്‍ കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ പ്രദേശത്തെ പന്ത്രണ്ടോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദക്ഷിണ ബംഗാളിലെ ഹൂഗ്ലി നദീതീരത്തിന് സമീപത്തായിരുന്നു അപകടം.
ജില്ലയിലെ വിവിധ ഫാക്ടറികളില്‍ അനധികൃതമായി പിടികൂടിയ പടക്കങ്ങളാണ് നിര്‍വ്വീര്യമാക്കാന്‍ ശ്രമിച്ചത്. ജനുവരി മൂന്നിന് അനധികൃതമായി ഫാക്ടറിയില്‍ സൂക്ഷിച്ച പടക്കം പൊട്ടി നാല് പേര് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലയില്‍ പരിശോധന വ്യാപകമാക്കിയത്.
പൊട്ടിത്തെറിയില്‍ നിരവധി വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പെട്ടെന്ന് ഉണ്ടായ സ്ഫോടനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ സംഭവ സ്ഥലത്ത് തടിച്ചുകൂടി. ഇവര്‍ രോഷാകുലരായി പോലീസ് ജീപ്പുകള്‍ കത്തിച്ചെന്നും വിവരമുണ്ട്.