ദോഹ* വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു തടയാന്‍ വൈകാതെ എമിഗ്രേഷന്‍ ബില്‍ കൊണ്ടുവരുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളെ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ബില്ലില്‍ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്കു സമഗ്ര പരിഹാരമുണ്ടാകുമെന്ന് മന്ത്രി വിശദീകരിച്ചു.
വിദേശ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും തൊഴില്തട്ടിപ്പുകള്ക്കു തടയിടാനും നരേന്ദ്രമോദി സര്‍ക്കാര്‍ ഒട്ടേറെ പരിഷ്കാരങ്ങളാണ് നടപ്പാക്കിയത്. മദദ് പോര്‍ട്ടല്‍, ഇ-മൈഗ്രേറ്റ് സേവനങ്ങള്‍ വിപുലീകരിക്കല്‍, പ്രവാസിക്ഷേമ ഇന്‍ഷുറന്‍സ്, ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ബെനവൊലന്റ് ഫണ്ടില്‍ നിന്ന് അധിക സഹായം എന്നിവ ഇതില്‍ ചിലതാണെന്നു ദോഹ ബാങ്ക് സിഇഒ ഡോ. ആര്. സീതാരാമന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
വീസ ഓണ്‍ അറൈവല്‍ സൗകര്യം ദുരുപയോഗിച്ച് ഗാര്‍ഹിക തൊഴിലാളികളെ ഖത്തറില്‍ എത്തിക്കുന്ന അനധികൃത റിക്രൂട്ടിങ് ഏജന്റുമാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍(ഐസിസി) സാംസ്കാരിക വിദ്യാഭ്യാസവിഭാഗം മേധാവി ഡോ. നയന വാഗിന്റെ ചോദ്യത്തിനു മന്ത്രി മറുപടി നല്കി.
വിദേശ ജോലിക്കു പോകുന്നവര്‍ നിയമപ്രാബല്യമുള്ള തൊഴില്‍കരാര്‍ ഒപ്പിട്ടിരിക്കണം. അനധികൃത റിക്രൂട്ട്മെന്റ് ഗുരുതരമായ പ്രശ്നമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ വിപുല ബോധവല്‍ക്കരണം നടത്തും. അനധികൃത റിക്രൂട്മെന്റ് തടയാനും തൊഴിലാളി സംരക്ഷണത്തിനും ഖത്തര്‍ സര്‍ക്കാരും ശക്തമായ നടപടി എടുക്കുന്നുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അടിസ്ഥാനവേതനം ഉറപ്പാക്കുന്നതടക്കമുള്ള നിയമങ്ങള്‍ ഉദാഹരണം.
ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ സീറോ ടോളറന്‍സ് എന്നതാണ് സര്‍ക്കാര്‍ നയം. തൊഴില്‍തട്ടിപ്പു തടയാന്‍ സാധ്യമായതെല്ലാം ചെയ്യും. ഇതില്‍ ലളിതപരിഹാരം സാധ്യമല്ല.
ഖത്തറില്‍ 7.5 ലക്ഷം ഭാരതീയരാണുള്ളതെന്ന് ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് പറഞ്ഞു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഭാരതീയര്‍. ഈ രാജ്യത്തിന്റെ വികസനത്തിനു നിസ്തുല സംഭാവനയാണ് ഇന്ത്യന്‍ സമൂഹം നല്‍കുന്നത്. ഇന്ത്യന്‍ തൊഴിലാളികളുടെ സേവനങ്ങളില്‍ ഖത്തറിന് ഏറെ സന്തുഷ്ടിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തര്‍, യുകെ, യുഎസ്, സിങ്കപ്പൂര്‍ എന്നിവ ഉള്‍പ്പെടെ 8 രാജ്യങ്ങളിലെ പ്രവാസികളെ ഉള്‍പ്പെടുത്തിയായിരുന്നു വിഡിയോ കോണ്‍ഫറന്‍സ്.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ആമുഖ പ്രഭാഷണം നടത്തി. വിദേശകാര്യ(ഈസ്റ്റ്) സെക്രട്ടറി വിജയ താക്കൂര്‍ സിങ് സ്വാഗതമാശംസിച്ചു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനായി നടത്തിയ രണ്ടു പതിറ്റാണ്ടു നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇന്ത്യയില്‍ മടങ്ങിയെത്തിയതിന്റെ സ്മരണ പുതുക്കാനാണ് ജനുവരി 9 പ്രവാസി ദിനമായി ആഘോഷിക്കുന്നത്.