ഇസ്ലാമാബാദ് : പാകിസ്താനില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. മത ന്യൂനപക്ഷങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് വിലക്കി പാകിസ്താനിലെ മുള്‍ട്ടാന്‍ ബാര്‍ അസോസിയേഷന് വിജ്ഞാപനം ഇറക്കി. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനോ മത്സരിക്കാനോ ആഗ്രഹിക്കുന്നവര്‍ അള്ളാഹുവിന് മേലുള്ള തങ്ങളുടെ വിശ്വാസം തെളിയിക്കുന്ന അഫിഡവിറ്റ് സമര്‍പ്പിക്കാനും വിജ്ഞാപനത്തില്‍ ആവശ്യപ്പെടുന്നതായാണ് വിവരം.
ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനിലെ പ്രാകൃത രീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
പാകിസ്താനില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച നാന്‍കാന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. സിഖ് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ സമയം സിഖ് വിരുദ്ധ മുദ്രാവാക്യം വിളിച്ച് ഒരു സംഘം ഗുരുദ്വാര വളഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗുരുദ്വാര പതിയുടെ മകളായ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്ത മുഹമ്മദ് ഹസന്റെ കുടുംബമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്നാണ് വിവരം.
കൂടാതെ പാകിസ്താനില്‍ ന്യൂന പക്ഷവിഭാഗങ്ങളില്പ്പെട്ട പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുകയും പീഡിപ്പിക്കുകയും ചെയ്തതിന് ശേഷം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നതും തുടര്‍ക്കഥയാവുകയാണ്.