മുംബൈ: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വീട്ടില്‍ കവര്‍ച്ച നടന്നാല്‍ നഷ്ടപരിഹാരം നല്കുന്ന സംവിധാനവുമായി രണ്ടാം തേജസ് എക്സ്പ്രസ്. മുംബൈ അഹമ്മദാബാദ് പാതയില്‍ സര്‍വ്വീസ് ആരംഭിക്കുന്ന രണ്ടാം ‘തേജസ്’ സ്വകാര്യ തീവണ്ടിയിലാണ് ഈ പുതിയ ആശയം നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരുങ്ങുന്നത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ആണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്.
യാത്രയ്ക്കിടെയുണ്ടാകുന്ന അപകടത്തില്‍ അംഗവൈകല്യമോ മറ്റോ സംഭവിച്ചാല്‍ യാത്രാക്കാര്‍ക്ക് നഷ്ടപരിഹാരം നല്കുന്ന പദ്ധതി തേജസ് നടപ്പിലാക്കിയിരുന്നു. 25 ലക്ഷം രൂപയാണ് അപകട ഇന്‍ഷുറന്‍സ് ആയി നല്‍കുന്നത്. ഇതു കൂടാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ ഒരു മണിക്കൂറിലധികം ട്രെയിന്‍ വൈകുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്കുന്ന പദ്ധതിയും തേജസ് നടപ്പിലാക്കിയിരുന്നു. ഒരു മണിക്കൂര്‍ വൈകിയാല്‍ 100 രൂപയും രണ്ടു മണിക്കൂറിലധികം വൈകിയാല്‍ 250 രൂപയും ആയിരുന്നു നഷ്ടപരിഹാരം നല്‍കുന്നത്. ഇതിനു തൊട്ടുപിന്നാലെയാണ് യാത്രചെയ്യുന്ന സമയത്ത് വീടുകളില്‍ കവര്‍ച്ച നടന്നാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന പ്രഖ്യാപനം റെയില്‍വെ നടത്തുന്നത്. ഇവയ്ക്കായി യാത്രക്കാരില്‍നിന്ന് ഐ.ആര്.സി.ടി.സി. പ്രത്യേക പ്രീമിയം ഈടാക്കുന്നില്ല, എല്ലാം സൗജന്യമാണെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
യാത്രചെയ്യുന്ന സമയത്ത് കവര്‍ച്ച നടന്നാല്‍ മാത്രമാവും യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുകയെന്ന് ഐ.ആര്.സി.ടി.സി. മുംബൈ ജനറല്‍ മാനേജര്‍ പദ്മമോഹന്‍ പറഞ്ഞു.17നാണ് തേജസ് എക്സ്പ്രസിന്റെ ഉദ്ഘാടനം അഹമ്മദാബാദില്‍ നടക്കുക. പലപ്പോഴും മറ്റു നഗരങ്ങളിലേക്കുള്ള ദീര്‍ഘയാത്രാസമയത്താണ് വീട്ടില്‍ മോഷണവും മറ്റും നടക്കുന്നത്. പ്രത്യേകിച്ച് മുംബൈയില്‍. അതിനാലാണ് ഇത്തരത്തില്‍ പുതിയ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിന് അധികപണം യാത്രക്കാരില്‍നിന്ന് ഈടാക്കുന്നില്ല. ഒരാള്‍ യാത്ര തുടങ്ങി അവസാനിപ്പിക്കുന്നതുവരെമാത്രമായിരിക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ’ പദ്മമോഹന്‍ പറഞ്ഞു.