ന്യൂഡല്‍ഹി: ഫ്രാന്‍സിലെ അടുത്ത അംബാസഡറായി ജാവേദ് അഷറഫിനെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തു. 1991 ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ് ജാവേദ് അഷറഫ്. 1998 ബാച്ചിലെ എഐഫ്എസ് ഓഫീസര്‍ വിനയ് ക്വാത്രയ്ക്ക് പകരമാണ് ജാവേദിനെ ഫ്രാന്‍സിന്റെ അംബാസഡറായി നിയമിച്ചത്. വിനയ് ക്വാത്രയെ നേപ്പാളിലേക്ക് മാറ്റിയിരുന്നു. രണ്ടു പേരും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ്.
ഇന്ത്യയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് ഫ്രാന്‍സ്. ഫ്രാന്‍സുമായി നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജാവേദിനെ ഫ്രാന്‍സിലെ അംബാസഡറായി നിയമിക്കുന്നത്. നിലവില്‍ സിംഗപൂര്‍ അംബാസഡറാണ് ജാവേദ്.
നേപ്പാളില്‍ ശക്തമായ ഒരാളെ നിലനിര്‍ത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമാണ്. നേപ്പാളുമായി നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ക്വാത്രയെ നേപ്പാളി അംബസഡറായി നിയമിച്ചത്. കമ്മ്യൂണിസ്റ്റ് രാജ്യവുമായി ബന്ധം പുലര്‍ത്തുന്ന കാഠ്മണ്ഡുവിലെ ക്വാത്രയുടെ ജോലി വളരെ പ്രയാസകരമായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ നയതന്ത്ര രീതി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നത് എളുപ്പമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം, വിദേശകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന ഹര്‍ഷ് ഷ്രിംഗ്ലയ്ക്ക് പകരം യുഎസ് അംബസഡറായി ആരേയും ഇതുവരം നിയമിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എംഇഎ സെക്രട്ടറി ടിഎസ് തിമൂര്‍ത്തി, ശ്രീലങ്കന്‍ അംബാസഡര്‍ തരന്‍ജിത് സിങ് സന്ധു എന്നിവരാണ് പട്ടികയില്‍ മുന്നിലുള്ളത്. നിലവില്‍ പാകിസ്താനിലെ ഇന്ത്യന്‍ അംബാസഡറായ ബെസാരിയ കാനഡയിലേക്ക് പോകും.