ബംഗളുരു: കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. തൗഫീക്ക്, അബ്ദുല്‍ ഷെമീം എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച്ച രാത്രിയാണ് തിരുവനന്തപുരം ജില്ല അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥനായ വില്‍സണെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സമീപത്തെ മുസ്ലീം പള്ളിയ്ക്ക് ഉള്ളിലൂടെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ നിന്നുമായി പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു.
എഎസ്ഐയുടെ കൊലപാതകത്തില്‍ നിരോധിത ഭീകര സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. നിരോധിത തീവ്രവാദസംഘടന അല്‍ ഉമ്മയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു പേരില്‍ ഒരാളായ ഇജാസ് പാഷയാണ് തൗഫീക്കിനും അബ്ദുള്‍ ഷമീമിനും തോക്ക് എത്തിച്ച് നല്‍കിയതെന്ന് ഇജാസ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മുംബൈയില്‍ നിന്ന് ലഭിച്ച തോക്ക് ഇയാള്‍ ബംഗളൂരുവില്‍ വച്ച് തൗഫീക്കിന് കൈമാറുകയായിരുന്നു.
കൊലപാതകത്തിന് ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിനും കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരുന്നു. വെടിവയ്പ്പിന് രണ്ട് ദിവസം മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.