ന്യൂഡല്‍ഹി: ഇന്ത്യയിലെ ജയിലില്‍ കിടന്നിരുന്ന രണ്ട് പാകിസ്താന് പൗരന്മാരെ വിട്ടയച്ചു. ഇരുവരേയും ഉഭയകക്ഷി വ്യവസ്ഥയനുസരിച്ച് അട്ടാരി-വാഗാ അതിര്‍ത്തിയില്‍ കരസേനാംഗങ്ങള്‍ തടവുകാരെ പാകിസ്താന് സൈനികര്‍ക്ക് കൈമാറി.
സജ്ജാദ് എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് പര്‍വേജ്, മുബാരക് എന്ന മുബ്ഷഹര് ബിലാല്‍ എന്നിവരാണ് രണ്ടു തടവുകേന്ദ്രങ്ങളിലായി കിടന്നിരുന്നത്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തുന്നവരെ പാര്‍പ്പിക്കുന്ന ഡല്‍ഹിയിലെ ഹൈദര്‍ കരുതല്‍തടങ്കല്‍ കേന്ദ്രത്തിലും പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ കേന്ദ്രത്തിലും കിടന്നവരെയാണ് പാകിസ്താന് ഔദ്യോഗികമായി കൈമാറിയത്.
കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ പതിവ് നടപടി ക്രമങ്ങളുടെ ഭാഗമായ കൈമാറ്റമാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2019 ഏപ്രില്‍ മാസത്തില്‍ രണ്ടുപേരെ ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. ഇന്ത്യയുടെ 300 മത്സ്യബന്ധനത്തൊഴിലാളികള്‍ പാകിസ്താന്റെ ജയിലില്‍ കഴിയുകയാണെന്നതും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
2008ലെ കണക്കുപ്രകാരം ഇന്ത്യയിലെ വിവിധ ജയിലുകളിലായി 347 പാകിസ്താനി തടവുകാരണുണ്ടായിരുന്നത്. അതേസമയം പാകിസ്താനില്‍ 547 ഇന്ത്യന്‍ പൗരന്മാരുണ്ടായിരുന്നുവെന്ന കണക്കും ഇരുരാജ്യങ്ങളുടെ ആഭ്യന്തരവകുപ്പുകള്‍ പരസ്പ്പരം കൈമാറിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ച പാകിസ്താന് രണ്ടാം ഘട്ടമായി 200 പേരെ വിട്ടയക്കാനും ധാരണയായിരുന്നു.