പാലക്കാട്: ക്ഷേത്രങ്ങളിലെ ആനകള്‍ അമിതവണ്ണത്താല്‍ രോഗബാധിതരാകുമെന്ന മുന്നറിയിപ്പുമായി ആനചികിത്സകരായ ഡോക്ടര്‍മാര്‍. ക്ഷേത്രങ്ങളിലെ ആനകള്‍ ഒരു പണിയും എടുക്കാതെ തടിച്ചുകൊഴുത്തുവരികയാണെന്നും നടക്കാത്തതിനാല്‍ നഖം വിണ്ടുകീറുന്നുവെന്നും ആന വിദ്ഗ്ധര് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള ക്ഷേത്രങ്ങളിലെ സ്വന്തം ആനകളാണ് തടികൂടി പ്രശ്നമാകുന്നതെന്നാണ് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ആനചികിത്സകരായ ഡോക്ടര്‍മാര്‍ പറയുന്നത്.
“കേരളത്തിലും തമിഴ്നാട്ടിലുമുള്ള ക്ഷേത്രങ്ങളിലെ ആനകളെയെല്ലാം നന്നായി ഭക്ഷണം കഴിപ്പിക്കുകയാണ്. നടത്തുന്നുമില്ല, മറ്റ് പണിയും എടുപ്പിക്കുന്നില്ല. ഇതോടെ തടികൂടി അമിതവണ്ണമാകുന്നു. ഇതിനുപുറമേ നന്നായി നടക്കാത്തതിനാല്‍ നഖം വളര്‍ന്ന് വിണ്ടുകീറുന്ന അസുഖവും വരുന്നു.” തമിഴ്നാട്ടില്‍ നിന്നുള്ള ക്ഷേത്ര ആനകള്‍ക്കായി നടത്തിയ പ്രത്യേക ചികിത്സാ ക്യാമ്പിനിടയിലാണ് ഡോക്ടര്‍മാരുടെ ഈ മുന്നറിയിപ്പ്.
പിടിയാനകള്‍ക്ക് 2500 മുതല്‍ 3500 കിലോ വരെയാണ് ശരാശരി തൂക്കം വേണ്ടത്. നല്ല ഉയരമുണ്ടെങ്കില്‍ മാത്രം അത് 4000 കിലോ വരെയാകാം. കൊമ്പന് 5500ഉം ആകാം. എന്നാല്‍ കേരളത്തിലും തമിഴ്നാട്ടിലും 4650 കിലോഗ്രാം തൂക്കമുള്ള പിടിയാനകളാണ് എന്നത് വലിയ ആരോഗ്യപ്രശ്നമാണെന്നും ആനകളെ എന്നും നടത്തുകയും ഭക്ഷണം ക്രമീകരിക്കുകയും വേണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മുമ്പ് ഭക്ഷണത്തിനും കുളിക്കുമായി കിലോമീറ്ററുകള്‍ നടത്തിയിരുന്ന ആനകളെ ക്ഷേത്രത്തിനകത്തു തന്നെ പരിപാലിക്കുന്നതിനാല്‍ ദിവസവുമുള്ള പുറമേക്കുള്ള നടപ്പ് നിലവില്‍ നന്നെ കുറഞ്ഞിരിക്കുന്നു. 200 കിലോമീറ്റര്‍ വരെ നടത്താവുന്ന ആനകളെ ശരാശരി 25-30 കിലോമീറ്റര്‍ വരെയെങ്കിലും നടത്തണമെന്നും നഖം വെട്ടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.