കൊച്ചി: എറണാകുളം ജില്ലയിലെ ടാങ്കര്‍ കുടിവെള്ള വിതരണകാര്യത്തില്‍ കര്‍ശന പരിശോധനകളുമായി ജില്ലാ കളക്ടര്‍ സുഹാസ് രംഗത്ത്. ഗുണനിലവാരം ഉറപ്പുവരുത്താനായി ഏഴു വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന നടത്തുന്നത്. ജല അതോറിറ്റിയുടെ കേന്ദ്രങ്ങളില്‍ നിന്നുള്ള വെള്ളം മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളു എന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.
ജല അതോറിറ്റി വെള്ളം മാത്രമാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുത്തതായും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാക്കനാട്, കളമശ്ശേരി ഭാഗത്താണ് പരിശോധന നടത്തിയത്. ശുദ്ധീകരണത്തിനായി ഹൈഡ്രന്റുകളില്‍ നിറച്ച ജലം മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും വേണ്ടത്ര ഹൈഡ്രന്റുകള്‍ അധികൃതര്‍ ലഭ്യമാക്കിയിട്ടില്ലെന്ന പരാതിയും ജലവിതരണക്കാര്‍ പറയുന്നുണ്ട്. പരിഹാരത്തിനായി 26 പുതിയ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുമെന്നും ജല വകുപ്പ് ജില്ലാ കളക്ടര്‍ സുഹാസിനെ അറിയിച്ചിട്ടുണ്ട്.