ന്യൂഡല്‍ഹി: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ ആളുകള്‍ ഉള്ളിടത്തോളം കാലം തീവ്രവാദം തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന് ഭീകരരെ സഹായിക്കുന്നുവെന്നും താലിബാനെ പാകിസ്താന് സ്പോണ്സര് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളെ സഹായിക്കുന്നത് പാകിസ്താന് തുടര്‍ന്നാല്‍ ശക്തമായ നടപടികള്‍ എടുക്കേണ്ടി വരുമെന്ന് ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്കി.
ഭീകരവാദം സ്പോണ്സര് ചെയ്യുന്നത് ഏത് രാജ്യമായാലും അതിനെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 9/11 ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച നിലപാടുകള്‍ പിന്തുടര്ന്നാല് മാത്രമേ ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാന്‍ കഴിയു.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന് കഠിനമായ ശിക്ഷ നല്‍കണം. ഇത്തരം രാജ്യങ്ങളെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നയതന്ത്രപരമായി ഒറ്റപ്പെടുത്തണമെന്നും സംയുക്ത സേനാ മേധാവി പറഞ്ഞു.