മുസഫറാബാദ്: പാക് അധീന കശ്മീരിലുണ്ടായ ഹിമപാതത്തില്‍ പതിനെട്ട് മണിക്കൂറോളം മഞ്ഞിനടിയില്‍ കുടുങ്ങിയ പന്ത്രണ്ടുകാരിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയാണ് സമിന ബിബിയെ മഞ്ഞിനടിയില്‍ ജീവനോടെ കണ്ടെത്തിയത്.
താന്‍ കരുതിയത് മരിക്കുമെന്നാണ്. മഞ്ഞിനടയില്‍ കുടുങ്ങിയ നിമിഷം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. രക്ഷിക്കാന്‍ ആരെങ്കിലുമെത്തുമെന്ന വിശ്വാസത്തില്‍ മഞ്ഞിനടിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടിയെന്ന് സമിന പറഞ്ഞു.
മുസഫറാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സമിന. അപകടത്തില്‍ സമിനയുടെ കാലിന് ഒടിവിടുണ്ട്. സമിനയും കുടുംബവും തീ കായുന്നതിനിടിയിലാണ് ഹിമപാതമുണ്ടായത്.
തിങ്കളാഴ്ചയാണ് പാക് അധീന കശ്മീരില്‍ നീലം താഴ് വരയില്‍ മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഹിമപാതത്തില്‍ മരണസംഖ്യ 100 ആയതായി പാകിസ്താന് ദേശീയ ദുരന്ത നിര്‍വഹണ വിദഗ്ധര്‍ അറിയിച്ചു. മഞ്ഞിനടിയിലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.