ന്യൂഡല്‍ഹി : യുഎന്‍ രക്ഷാസമിതിയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്താനുള്ള ചൈനയുടെ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ചൈനയ്ക്കും, പാകിസ്താനുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കശ്മീര്‍ വിഷയത്തില്‍ ആഗോളതലത്തില്‍ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായം എന്തെന്ന കാര്യം ചൈന മനസിലാക്കണം. ഭാവിയില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടരുതെന്നും ഇന്ത്യ താക്കീത് നല്കി. രാജ്യ തലസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇരു രാജ്യങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാ വിഷയമാക്കാന്‍ പാകിസ്താന് നിരന്തരമായി ചൈനയെ കൂട്ടുപിടിക്കുകയാണ്. ഇതിന്റെ ഭാഗമായി ചൈന നടത്തിയ ശ്രമം എന്നത്തെയും പോലെ ഇന്നും പരാജയപ്പെട്ടു. യുഎന്‍ സുരക്ഷാ സമിതിയിലെ അംഗം വഴി കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചതിലൂടെ അന്താരാഷ്ട്ര വേദിയെ ദുരുപയോഗം ചെയ്യുകയാണ് പാകിസ്താന് ചെയ്തിരിക്കുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമല്ലെന്ന രീതിയിലാണ് പാകിസ്താന് പ്രചാരണം നടത്തുന്നത്. എന്നാല്‍ ഇതൊന്നും ലോകരാജ്യങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. നിരന്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ പാകിസ്താനിലുള്ള വിശ്വാസം തന്നെ രാജ്യങ്ങള്‍ക്ക് നഷ്ടമായെന്നും രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് ചൈന ഇനിയെങ്കിലും മനസ്സിലാക്കണം. ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ചൈന ശ്രദ്ധിക്കണമെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു