UAE

ഇനി ആഘോഷത്തിന്റെ പതിനേഴു നാൾ: ഷാർജ ഫ്രിഞ്ച് ഫെസ്റ്റിവലിനു തുടക്കമായി

തണുപ്പുകാല ആഘോഷങ്ങൾക്ക് നിറം പകരാൻ ഉത്സവമേളവുമായി ഷാർജ ഫ്രിഞ്ച് ഫെസ്റ്റിവൽ. ഷാർജ അൽ നൂർ ഐലൻഡിലെ പ്രേത്യേക വേദിയിൽ സംഗീതവും നൃത്തവും അഭിനയവും സമ്മേളിച്ച  ‘ഹാച്’ പ്രദർശനത്തോടെയാണ് പതിനേഴു ദിവസം നീണ്ടു നിൽക്കുന്ന മേളയുടെ തുടക്കം കുറിച്ചത്.
നാടകം, സംഗീതം, മാജിക്, സർക്കസ്, പാവക്കൂത്ത്, നൃത്തം തുടങ്ങി വൈവിധ്യമാർന്ന അറുന്നൂറിലധികം പ്രദർശനങ്ങളാണ് ഫ്രിഞ്ച് ഉത്സവത്തിന്റെ ഭാഗമായി ഷാർജയിൽ അരങ്ങേറുന്നത്. കുടുംബസഞ്ചാരികളുടെ പ്രിയ വിനോദകേന്ദ്രങ്ങളായ ഷാർജ അൽ ഖസ്ബ, അൽ മജാസ് വാട്ടർ ഫ്രണ്ട്, ഫ്ലാഗ് ഐലൻഡ്, അൽനൂർ ഐലൻഡ് എന്നിവിടങ്ങളിലായാണ് പ്രദർശനങ്ങൾ  അരങ്ങേറുക. ലോകപ്രശസ്ത കലാകാരന്മാർ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിലുള്ള കലാ-സാംസ്‌കാരിക പ്രദർശനങ്ങളുമായി ഷാർജ  ഫ്രിഞ്ച് ഉത്സവ വേദിയിലെത്തുന്നുണ്ട്.

തണുപ്പുകാലമായാതോടെ തിരക്കേറിയ അൽ ഖസ്ബയിലെയും അൽ മജാസിലെയും വൈകുന്നേരങ്ങൾക്ക് ഇനി ഫ്രിഞ്ച് ഉത്സവത്തിന്റെ നിറവുമുണ്ടാവും. മെയ് വഴക്കവും ഇന്ദ്രജാലവും സംഗീതവും നൃത്തവുമെല്ലാം സമ്മേളിക്കുന്ന മുപ്പതിലധികം വൈവിധ്യമാർന്ന തെരുവ് പ്രദർശനങ്ങളാണ് അൽ ഖസ്ബയിലും അൽ മജാസിലുമായി വിരുന്നൊരുക്കുന്നത്. സന്ദർശകർക്ക്  സൗജന്യമായി  ആസ്വദിക്കാവുന്ന പ്രദർശനങ്ങളാണിത്. വിവിധയിടങ്ങളിലായി, ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച്  രാത്രി പതിനൊന്നു വരെ നീളുന്ന വിധത്തിലാണ് ഈ പ്രദർശനങ്ങളുടെ ക്രമീകരണം.

ഖസ്ബയിൽ നിന്ന് അൽ മജാസിലേക്കുള്ള നടത്തത്തിനു ഉത്സവപ്രതീതി പകരുന്ന വിധത്തിലാണ് തെരുവ് പ്രദർശനങ്ങളുടെ വിന്യാസം.  ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഷാർജയുടെ തണുപ്പുകാല കാഴ്ചകളോടൊപ്പം ഗംഭീര ഫ്രയിമുകളും പരീക്ഷിക്കാൻ പറ്റിയ അവസരമാവുമിത്.
‘ബബിൾ ഷോ’, ‘സ്റ്റിക് ബോൺസ്, ബ്രോക്കൻ ബോൺസ്’, ‘ഗ്രംപി പാന്റ്സ്’ തുടങ്ങി മുപ്പത്തിയഞ്ചോളം പ്രദർശനങ്ങൾ പ്രേത്യേക വേദികളിലും ഒരുക്കുന്നുണ്ട്. ശബ്ദ-വെളിച്ച സംവിധാനങ്ങളുടെ വിസ്മയകരമായ സമന്വയവും കലാ പ്രദർശനവും സമ്മേളിക്കുന്ന ഇത്തരം പ്രദർശനങ്ങൾ മിതമായ ടിക്കറ്റ് നിരക്കിലും ആസ്വദിക്കാം.  രാവിലെ പത്ത് മണി തൊട്ടു രാത്രി വരെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സമയങ്ങളിലാവും പ്രദർശനം.

“ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ഒത്തുവരുന്ന യുഎഇയുടെ മണ്ണിൽ, ആ വൈവിധ്യങ്ങൾ ആഘോഷിക്കാൻ കൂടിയാണ് ഇത്തരമൊരു രാജ്യാന്തര ഉത്സവമൊരുക്കുന്നത്. സഞ്ചാരികൾക്കും യുഎഇ നിവാസികൾക്കും വേറിട്ട അനുഭവമാവുമിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന, ലോകപ്രശസ്തരായ കലാകാരന്മാരുടെ  നേതൃത്വത്തിലുള്ള   പ്രദർശനങ്ങളാണ് അരങ്ങേറുന്നത്”- ശുറൂഖ്‌ സിഒഒ അഹ്മദ് ഒബൈദ് അൽ ഖസീർ പറയുന്നു.
ലോകപ്രശസ്തമായ ഫ്രിഞ്ച് ഉത്സവത്തിന്റെ മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യപതിപ്പിനാണ് ഷാർജ വേദിയാവുന്നത്. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം വകുപ്പിന്റെ പങ്കാളിത്തത്തോടെ ഷാർജ നിക്ഷേപ വികസന അതോറിറ്റിയാണ്  (ശുറൂഖ്‌) ഫ്രിഞ്ച് ഫെസ്റ്റിവലിന്റെ സംഘാടകർ.
പ്രദർശനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സമയക്രമങ്ങളും www.sharjahfringe.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ടിക്കറ്റുകളും ഇതിലൂടെ ബുക്ക് ചെയ്യാം. കുട്ടികൾക്കും മുതിർന്നവർക്കും  സംഘങ്ങൾക്കും പ്രേത്യേക ഇളവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 065 560 777 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close