അബുദാബിയിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹങ്ങളും പരുക്കേറ്റവരെയും അബുദാബിയിലെ വിവിധ ആശുപത്രികളിലേക്കു മാറ്റി.അപകടത്തിൽപെട്ടവരുടെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച്ച രാവിലെ 6.30ന് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അൽ റാഹ ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന വാഹനം അതിവേഗത്തിൽ കുറുകെ പോയപ്പോൾ അപകടമൊഴിവാകാൻ ട്രക്ക് ഡ്രൈവർ പെട്ടന്ന് വാഹനത്തിന്റെ വേഗം കുറക്കുകയായിരുന്നു. എന്നാൽ പുറകിൽ നിന്ന് വന്ന ബസിന് പെട്ടന്ന് നിർത്താൻ കഴിയാതെ ഇടിക്കുകയായിരുന്നു. ട്രക്കിന് മുന്നിലൂടെ കടന്ന് പോയ വാഹന ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു.അപകടത്തെ തുടർന്ന് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിലെ ഗതാഗതം ഒരു മണിക്കൂറിലേറെ സ്തംഭിച്ചു.അപകടങ്ങൾ ഒഴിവാക്കാൻ ഗതാഗത നിയമങ്ങൾ പാലിച്ച് ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി