കൊല്ലം : കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി നാളെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുക്കും. കുണ്ടറ സ്വദേശിനി ഷീലയുടെ മൃതദേഹമാണ് കല്ലറ തുറന്ന് പുറത്തെടുക്കുക. ഷീലയെ ഭര്‍ത്താവും മകനും ഇവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന ഷീലയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത്.
2019 ജൂലൈ 29 നാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം രാവിലെ ഷീല പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഷീലയെ കുണ്ടറയിലെയും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണത്തില്‍ ദുരൂഹയുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം വേണമെന്ന് ഷീലയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഷീലയുടെ അമ്മ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കിയത്. പിന്നീട് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഷീലയുടെ ഭര്‍ത്താവില്‍ നിന്നും പഞ്ചായത്ത് അംഗത്തില്‍ നിന്നുമുള്‍പ്പെടെ അന്വേഷണ സംഘം മൊഴി എടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ തുടരന്വേഷണം ആരംഭിക്കുകയുള്ളൂ എന്നാണ് വിവരം.