Qatar

ഖത്തറില്‍ സുപ്രധാന തൊഴില്‍ പരിഷ്‌കാരം . സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും രാജ്യം വിടാന്‍ ഇനി എക്‌സിറ്റ്‌ പെര്‍മിറ്റ്‌ വേണ്ട

ദോഹ.ഖത്തര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്ത പ്രവാസി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഇനി എക്‌സിറ്റ്‌ പെര്‍മിറ്റില്ലാതെ രാജ്യം വിടാം. ആഭ്യന്തരമന്ത്രികൂടിയായ പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ 2019ലെ 95ാം ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും എക്‌സിറ്റ്‌ പെര്‍മിറ്റില്ലാതെ താല്‍ക്കാലികമായോ സ്‌ഥിരമായോ രാജ്യം വിടാന്‍ അനുമതി ലഭിച്ചത്‌.
വിദേശികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും നിയന്ത്രിക്കുന്ന 2015ലെ 21ാം നിയമത്തിന്റെ രണ്ടാം ഖണ്ഡികയെ അടിസ്‌ഥാനപ്പെടുത്തിയാണ്‌ പുതിയ ഉത്തരവെന്ന്‌ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ പാസ്‌പോര്‍ട്‌സ്‌ ഡയറക്‌ട്രേറ്റ്‌ ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ്‌ അല്‍ അത്തീഖ്‌ അറിയിച്ചു.
തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന 95% സ്വകാര്യകമ്പനി ജീവനക്കാരേയും 2018 ഒക്‌ടോബറില്‍ തന്നെ എക്‌സിറ്റ്‌ പെര്‍മിറ്റില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. ഖത്തറിലെ 95% പ്രവാസികളേയും എക്‌സിറ്റ്‌ പെര്‍മിറ്റില്‍ നിന്ന്‌ ഒഴിവാക്കുമെന്ന്‌ ദോഹയിലെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ കഴിഞ്ഞ ഏപ്രിലില്‍ ഐഎല്‍ഒ(ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍) വ്യക്‌തമാക്കിയിരുന്നു.
ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍ യുഎന്‍(ഐക്യരാഷ്‌ട്ര സംഘടന) അംഗീകൃത നിലവാരത്തിലേക്ക്‌ മാറ്റുന്നതിന്റെ ഭാഗമായാണ്‌ പുതിയ പരിഷ്‌കാരം. ഉടന്‍ പ്രാബല്യത്തിലാകുന്ന വിധത്തിലാണ്‌ ഉത്തരവെന്ന്‌ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിന്റെ പുതിയ തീരുമാനത്തെ ഐക്യരാഷ്‌ട്ര സംഘടന അഭിനന്ദിച്ചു.
പുതിയ ഉത്തരവനുസരിച്ച്‌ വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍-പൊതുമേഖലാ സ്‌ഥാപനങ്ങള്‍, എണ്ണ-പ്രകൃതിവാതക കമ്പനികള്‍, മാരിടൈം കമ്പനികള്‍, കാര്‍ഷിക കമ്പനികള്‍ എന്നിവയിലെ 95% ഉദ്യോഗസ്‌ഥര്‍ക്കും സ്‌ഥിരം ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സംരംഭങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും ഇനി സ്വതന്ത്രമായി രാജ്യം വിടാം. വിവിധ ഓഫിസുകളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നു എന്നുറപ്പാക്കാനാണ്‌ അവശേഷിക്കുന്ന അഞ്ചു ശതമാനത്തിന്‌ എക്‌സിറ്റ്‌ ബാധകമാക്കിയിരിക്കുന്നത്‌. ഉയര്‍ന്ന ചുമതലകളിലുള്ള ഉദ്യോഗസ്‌ഥരാണ്‌ ഈ അഞ്ചു ശതമാനത്തില്‍ വരിക.
ഇതില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നു സ്‌ഥാപന, വകുപ്പു മേധാവി ആണു തീരുമാനിക്കാം. സമാന വ്യവസ്‌ഥയിലാണ്‌ സ്വകാര്യ മേഖലയിലും 2018ല്‍ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ ഒഴിവാക്കിയത്‌. മാനേജര്‍, അക്കൗണ്ടന്റ്‌, ഔദ്യോഗിക രേഖകളില്‍ ഒപ്പിടാന്‍ നിയുക്‌തരായവര്‍ തുടങ്ങി ഉന്നത തസ്‌തികളിലുള്ള അഞ്ചു ശതമാനമാണ്‌ സ്വകാര്യ മേഖലയില്‍ എക്‌സിറ്റ്‌ ആവശ്യമുള്ളവര്‍.
2017ലെ 15ാം നമ്പര്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന വീട്ടുജോലിക്കാര്‍ക്കും രാജ്യംവിടാന്‍ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ ഒഴിവാക്കിയിട്ടുണ്ട്‌. ഖത്തറിലെ വിവിധ സായുധസേനകളില്‍ സേവനമനുഷ്‌ഠിക്കുന്ന വിദേശികള്‍ക്ക്‌ എക്‌സിറ്റ്‌ പെര്‍മിറ്റിലെ ഇളവു ബാധകമല്ല.വീട്ടുജോലിക്കാര്‍ രാജ്യം വിടുന്നതിന്‌ 72 മണിക്കൂര്‍ മുമ്പ്‌ ഇക്കാര്യം തൊഴിലുടമയെ അറിയിക്കണം. ഇരു വിഭാഗത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ്‌ ഈ വ്യവസ്‌ഥ.

3 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close