ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ കശ്മീര്‍ വിഷയം ഇന്നയിക്കാനുള്ള പാകിസ്താന്റെ ശ്രമത്തിന് പ്രതികരണവുമായി ഇന്ത്യ. ആവശ്യമില്ലാത്ത വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നതിന് പകരം ശരിയായ നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ പ്രത്യേക പദവി പിന്‍വലിച്ച തീരുമാനത്തിനെതിരെ പാകിസ്താന് സ്വീകരിച്ച നടപടിയെ അപലപിച്ചുകൊണ്ടാണ് സയ്യിദ് പ്രതികരിച്ചത്. ശരിയായ നയതന്ത്രമെന്നാല്‍ പ്രയാസമേറിയതെങ്കിലും ശരിയായ നടപടികളിലൂടെ മുന്നോട്ട് പോവുന്നതാണ്. അതാണ് അഞ്ച് മാസങ്ങള്‍ക്കു മുന്‍പ് പാകിസ്താന് തകര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച നടപടിക്ക് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാന്‍ പാകിസ്താന് ശ്രമിച്ചിരുന്നു. ഇന്ത്യയിലെ പാകിസ്താന് സ്ഥാനപതിയെ തിരിച്ചു വിളിക്കുകയും പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തിരുന്നു.