ന്യൂഡല്‍ഹി : 1984 സിഖ് വിരുദ്ധ കലാപത്തിലെ നേതാക്കളടക്കമുള്ള കലാപകാരികളെ കോണ്‍ഗ്രസ്സ് സംരക്ഷിച്ചതായി ബിജെപി ആരോപിച്ചു. സിഖ് സമൂഹത്തിന് നേരെ മൃഗീയ കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ ഭരണകാലത്തൊന്നും ഒരു നടപടിയും എടുക്കാത്തവരാണ് കോണ്‍ഗ്രസ്സെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആഞ്ഞടിച്ചു. ജസ്റ്റിസ് ധിംഗ്ര അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുകളെ പരാമര്‍ശിക്കവേയാണ് കോണ്‍ഗ്രസ്സ് അറിഞ്ഞുകൊണ്ട് കലാപകാരികളെ സംരക്ഷിക്കുകയാണെന്ന ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ എക്കാലത്തും സിഖ് സമൂഹത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചതെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.
‘ജസ്റ്റിസ് ധിംഗ്ര കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് മുന്നില്‍ വച്ചുകഴിഞ്ഞു. 1984ലെ സിഖ് കൂട്ടക്കൊലയെസംബന്ധിച്ച സത്യാവസ്ഥ വെളിച്ചത്തുവന്നിരിക്കുകയാണ്.കലാപത്തിന് കാരണക്കാരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ ഒരു നടപടിയും എടുക്കാതെ അവരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.’ ജാവദേക്കര്‍ വ്യക്തമാക്കി.
എന്‍ഡിഎ സര്‍ക്കാര്‍ സിഖ് സമൂഹത്തിന് നീതിനേടിക്കൊടുക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തും.അന്വേഷണ കമ്മീഷന് നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ എടുക്കുമെന്നും ജാവദേക്കര്‍ സൂചിപ്പിച്ചു.