ജയ്പൂര്‍: ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സബ്കളക്ടറിന് സീറ്റ് ഒഴിഞ്ഞു കൊടുക്കാത്തതിനെ ചൊല്ലി സബ്കളക്ടറും ഡോക്ടറും തമ്മില്‍ വാക്പോര്. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലാണ് സംഭവം. സബ്കളക്ടറും ഡോക്ടറും കസേരയെ ചൊല്ലി തമ്മിലടിക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്.
ജില്ലാ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സബ്കളക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്താനെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പരിശോധനയ്ക്കെത്തിയ സബ്കളക്ടര്‍ ചില രേഖകള്‍ നോക്കുന്നതിനായി കസേര വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ രോഗിയെ പരിശോധിക്കുകയാണെന്നും കസേര നല്കാന് കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. വേണമെങ്കില്‍ മറ്റേതെങ്കിലും കസേരയില്‍ ഇരിക്കാമെന്നും ഡോക്ടര്‍ സബ്കളക്ടറിനോട് പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സബ്കളക്ടര്‍ തയ്യാറായില്ല. ഇവര്‍ ഡോക്ടറോട് ബഹളം വെയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സബ്കളക്ടര്‍ മോശമായി പെരുമാറുന്നതും ഡോക്ടര്‍ നിശബ്ദനായി എല്ലാം കേട്ടിരിക്കുന്നതും കാണാം. സബ്കളക്ടറിന്റെ പ്രവര്‍ത്തികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഉയരുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അധികാരത്തിന്റെ അഹങ്കാരത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഉയരുന്ന വിമര്‍ശനം.