ഇരിങ്ങാലക്കുട: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു വേണ്ടി നഗരസഭാ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാര തുക ലഭിക്കാത്തതിനെതിരെ ഉടമകള്‍ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുകുന്ദപുരം ആര്‍ടിഒ യുടെ ഔദ്യോഗിക വാഹനമായ സ്കോര്‍പ്പിയോ കോടതി അധികൃതര്‍ ജപ്തി ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു ആര്‍ടിഒയുടെ വാഹനം ജപ്തി ചെയ്തത്. മുകുന്ദപുരം തഹസില്‍ദാരുടെ ഔദ്യോഗിക വാഹനവും ജപ്തി ചെയ്യാന്‍ ഉത്തരവായിട്ടുണ്ടെങ്കിലും വാഹനം സ്ഥലത്തില്ലാത്തതിനാല്‍ ഉത്തരവ് നടപ്പാക്കാനായില്ല.
ബസ് സ്റ്റാന്‍ഡിനായി നഗരസഭാ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കാത്തതിനെതിരെ നടവത്തു പറമ്പില്‍ ഗണേശന് ചെട്ടിയാര്‍, വെമ്പനാട് മാലതിയമ്മ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ്കോടതി ജഡ്ജ് കെ ഷൈന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
1977 ലാണ് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് വേണ്ടി ഗണേശന് ചെട്ടിയാരുടേയും വെമ്പനാട് മാലതി അമ്മയുടേയും 28 സെന്റ് സ്ഥലം ഏറ്റെടുത്തത്. 23 ലക്ഷം രൂപയാണ് രണ്ടു പേര്‍ക്കുമായി നഷ്ടപരിഹാര ഇനത്തില്‍ നല്‍കാനുള്ളത്. എന്നാല്‍ ഇതുവരെ പൂര്‍ണമായ നഷ്ടപരിഹാര തുക ഇവര്‍ക്ക് ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം നല്കാന് നഗരസഭയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും തുക കെട്ടിവെച്ചിരുന്നില്ല. തുടര്‍ന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്.