കൊച്ചി: മരടില്‍ പൊളിച്ച ഫ്ളാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമാണെന്ന് ഹരിത ട്രൈബ്യൂണല്‍. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഹരിത ട്രൈബ്യൂണല്‍ സന്ദര്‍ശിച്ചു. മരടില്‍ വായുമലിനീകരണം സംബന്ധിച്ച് പരാതി ശക്തമായതോടെയാണ് ട്രൈബ്യൂണല്‍ നേരിട്ടെത്തി സന്ദര്‍ശനം നടത്തിയത്.
ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.
ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടത് മരട് നഗരസഭയുടെ ഉത്തരവാദിത്വമാണെന്ന് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. ഉത്തരവാദിത്വത്തില്‍ നിന്നും നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നത് നിരീക്ഷിക്കാന്‍ സിസിടിവി സ്ഥാപിക്കണമെന്നും ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള ആവശ്യപ്പെട്ടു.