തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു മുന്നില്‍ മുട്ടുമടക്കി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണറുമായും കേന്ദ്ര സര്‍ക്കാരുമായും ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞു. ഗവര്‍ണര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കില്‍ തിരുത്താന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഉള്‍വലിയുന്നു എന്ന സൂചനകളാണ് മന്ത്രി എ.കെ. ബാലന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ച് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ നിലപാടിനു മാറ്റം വരുന്നതായാണ് മന്ത്രി നല്കുന്ന സൂചന. കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞ എ.കെ ബാലന് ഗവര്‍ണറെ അപമാനിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചത് തന്ത്രങ്ങളുടെ ഭാഗമാണ്. കോടതി കേസ് തള്ളുന്ന പക്ഷം, അക്കാരണം പറഞ്ഞ് നിയമം നടപ്പാക്കിയാല്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടി വിട്ടു പോകില്ല എന്ന ധാരണയാണ് സിപിഎമ്മിനുള്ളത്. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ശക്തമാക്കാന്‍ സിപിഎം തീരുമാനിച്ചപ്പോള്‍ മറുഭാഗത്ത് കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണര്‍ക്കും മുന്നില്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കുകയാണ്.