കൊല്ലം: റോഡില്‍ നിന്നും 20 മീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നും മുട്ടിലിഴഞ്ഞ് ദേശീയപാതയിലെത്തിയ പിഞ്ചു കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കൊല്ലം പാരിപ്പളിളിക്ക് സമീപമാണ് സംഭവം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മീന്‍ വാനില്‍ ഉണ്ടായിരുന്നവരാണ് വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്ന റോഡില്‍ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
വാഹനം റോഡിന് കുറുകെ നിര്‍ത്തി കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു സംഘം. വീട്ടില്‍ ആരും അറിയാതെയായിരുന്നു കുഞ്ഞ് റോഡിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയത്. ഒരു വയസും രണ്ട് മാസവും മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ദേശീയപാതയുടെ മധ്യ ഭാഗത്ത് കുഞ്ഞ് എത്തിയപ്പോഴായിരുന്നു മീന്‍ വണ്ടി വന്നത്. കുഞ്ഞിനെ കണ്ട് ഡ്രൈവര്‍ റോഡിന് കുറുകെ വാഹനം നിര്‍ത്തിയിടുകയായിരുന്നു. തുടര്‍ന്ന് വാനില്‍ ഉണ്ടായിരുന്ന ആള് ഓടിയിറങ്ങി കുഞ്ഞിനെ വാരിയെടുത്തു. ബഹളം കേട്ട് ഓടിയെത്തിയ ആളുകളോടൊപ്പം കുഞ്ഞിനെ ബന്ധുക്കളുമുണ്ടായിരുന്നു. വീട്ടുകാരുടെ കണ്ണു തെറ്റിയ നേരത്തായിരുന്നു കുഞ്ഞ് റോഡിലേക്കെത്തിയത്.
അപകടമൊന്നും സംഭവിക്കാതെ കുഞ്ഞിനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ബന്ധുക്കള്‍. കുഞ്ഞിനെ രക്ഷപ്പെടുത്തിയവരോട് നന്ദി അറിയിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.