തിരുവനന്തപുരം : ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കാൻ വീണ്ടുമൊരുങ്ങി നാവിക കമാൻഡർ അഭിലാഷ് ടോമി . 2018 ൽ നടന്ന അപകടത്തിനു ശേഷം തന്റെ ആത്മവിശ്വാസം വർദ്ധിച്ചിട്ടേയുള്ളൂവെന്നും ടോമി പറഞ്ഞു . തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിലെ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അഭിലാഷ് .
അപകടത്തിന് ശേഷം കുടുംബത്തിൽ നിന്ന് ലഭിച്ച പിന്തുണ അത്ഭുതപ്പെടുത്തി.അപകടം തന്നെ തളർത്തിയിട്ടില്ല , കടലൊരിക്കലും തന്നെ ഭയപ്പെടുത്തിയിട്ടുമില്ല . കരയുമായി താരതമ്യപ്പെടുത്തുമ്പോൾ കടൽ ശാന്തവും മനോഹരവുമാണ് . പ്ലാസ്റ്റിക് മാലിന്യം കടലിനെ വിഴുങ്ങുന്ന കാഴ്ചയാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്നും അഭിലാഷ് ടോമി പറഞ്ഞു .
2018 സെപ്തംബർ 21നാണ് കമാൻഡർ അഭിലാഷ് ടോമിയുടെ തുരിയ എന്ന പായ് വഞ്ചി അപകടത്തിൽപ്പെട്ടത്. രണ്ട് ദിവസങ്ങൾക്ക് ശേഷം സെപ്തംബർ 23നാണ് അഭിലാഷ് ടോമിയുടെ പായ്വഞ്ചി കണ്ടെത്തുന്നത്. ഇന്ത്യൻ നാവിക സേനയുടെ പി-81 വിമാനമാണ് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത്. തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്നത്.