റാഞ്ചി : ഝാര്‍ഖണ്ഡില്‍ സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ കമ്മ്യൂണിസ്റ്റ് ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജാര്‍ഖണ്ഡിലെ ചായ്സബ പ്രദേശത്താണ് സംഭവം.
ചായ്സബ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരനെ പിടികൂടിയത്. പ്രദേശത്ത് കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സംഘം പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് ഭീകരര്‍ നിരവധി റൗണ്ട് വെടിയുതിര്‍ത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. പരിശോധനയില്‍ 9 എംഎം പിസ്റ്റലും, ഒരു ബാരല്‍ തോക്കും, വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.