നാട്ടിലേത് പോലെ ആവേശം നിറഞ്ഞ പ്രചാരണ പരിപാടികളും, വാശിയും നിറഞ്ഞതായിരുന്നു ഇത്തവണയും ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റ് ഇ പി ജോൺസൺ നേതൃത്വം നൽകിയ വിശാല ജനാധിപത്യ സഖ്യം ആധികാരിക വിജയം നേടി ഭരണം ഉറപ്പിച്ചു. ഇ പി ജോൺസൺ തന്നെ പുതിയ ഭരണസമിതിയിലും പ്രസിഡന്റായി തുടരും. അബ്ദുല്ല മല്ലച്ചേരിയാണ് ജനറൽ സെക്രട്ടറി. കെ ബാലകൃഷ്ണൻ ട്രഷറർ ആയും, വൈ എ റഹിം വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. മുൻ ഭരണ സമിതി പ്രവാസികൾക്കായി നടത്തിയ ക്ഷേമ പ്രവർത്തനങ്ങളാണ് വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ കാരണമായതെന്ന് ഇ പി ജോൺസൺ പറഞ്ഞു. സി ആർ ജി നായർ, പി സി വർഗീസ് എന്നിവർ നേതൃത്വം നൽകിയ പാനലുകളും മത്സര രംഗത്ത് ഉണ്ടായിരുന്നു.