ന്യൂഡല്‍ഹി : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശ നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ മൂന്ന് ചൈനീസ് പൗരന്മാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഫണ്‍ കിംഗ്ലിയാംഗ്, ഗ്വാന് ജിയാന്‍ ഹാംഗ്, ഹെ വാംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 55,000 അമേരിക്കന്‍ ഡോളറാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏകദേശം 39 ലക്ഷം രൂപയോളം വരുന്ന ഡോളറുകളാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ബാഗുകള്‍ക്കിടയിലാണ് പണം ഒളിപ്പിച്ചിരുന്നത്. പണം കൈവശം വെച്ചതിന് രേഖകളൊന്നും തന്നെ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വിമാനത്താവളം വഴി മൊബൈല്‍ ഫോണുകള്‍ കടത്താന്‍ ശ്രമിച്ചതിന് രണ്ട് ചൈനീസ് പൗരന്മാരെ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരെ കൂടി പിടികൂടുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ പിടിയിലായവരും ഇവരും തമ്മില്‍ ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.