ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയര്മാന് പത്ത് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ആലപ്പുഴ ബീച്ചില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോയ്ക്ക് അനുമതി നല്‍കുന്നതിന് യുവ സംരംഭകയോട് കോണ്‍ഗ്രസ്സിന്റെ നഗരസഭാ ചെയര്മാന് ഇല്ലിക്കല്‍ കുഞ്ഞുമോന് പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. സംഭാവനകളും ആനുകൂല്ല്യങ്ങളും ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പരാതിക്കാരി പുറത്തു വിട്ടു. കോണ്‍ഗ്രസ്സിന്റെ നഗരസഭാ ചെയര്മാന് സിപിഎമ്മിന് വേണ്ടി പണം ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്.
ബീച്ചില്‍ എക്സ്പോ നടത്താന്‍ അനുമതി തേടിയപ്പോള്‍ വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് യുവ സംരംഭക ആര്‍ച്ചയുടെ പരാതി. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് എക്സ്പോ തുടങ്ങാന്‍ തുറമുഖ വകുപ്പിന്റെ അനുമതിയുമായി ആലപ്പുഴയിലെത്തിയത്. എന്നാല്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയില്ല.
ഒടുവില്‍ ഹൈക്കോടതി മുഖേന അനുമതി വാങ്ങി ഒരു മാസം വൈകി എക്സ്പോ തുടങ്ങി. ലക്ഷങ്ങളുടെ നഷ്ടമാണ് തന്റെ സ്റ്റാര്‍ട്ട്അപ്പിനുണ്ടായതെന്ന് ആര്‍ച്ച പറയുന്നു. ഫെബ്രുവരി മാസം വരെ പ്രവര്‍ത്തിക്കാന്‍ തുറമുഖ വകുപ്പിന്റെ അനുമതിയുണ്ട്. എന്നാല്‍ എക്സ്പോ നിര്‍ത്തിവെയ്ക്കാനാണ് നഗരസഭയുടെ നിര്‍ദേശം.