ന്യൂഡൽഹി : ഇന്ത്യൻ സൈനികരെ ലക്ഷ്യമിട്ട് പാക് ചാരസംഘടന ഹണി ട്രാപ്പ് നീക്കങ്ങൾ നടത്തുന്നതിനെ തുടർന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ജവാന്മാർക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി ബി എസ് എഫ് .
സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴും , ചാറ്റുചെയ്യുമ്പോഴും , അപരിചിതരുമായി സംവദിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് ബിഎസ്എഫ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു .
“ഒരു കെണിയിലും അകപ്പെടരുത് , നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈയിലാണ്,” എന്ന് തുടങ്ങുന്നതാണ് ബിഎസ്എഫ് പുറത്തിറക്കിയ പുതിയ സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങൾ.
ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു . ഇവ ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങൾ അതിർത്തി കാവൽ സേനയാണെന്നും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ഓർമ്മിക്കേണ്ടതുണ്ട് .
സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളെയും കിംവദന്തികളെയും കുറിച്ച് അഭിപ്രായമെഴുതുകയോ , കൈമാറുകയോ ചെയ്യുന്നതിലൂടെ രാജ്യത്തെ നിയമങ്ങൾ ലംഘിക്കപ്പെടുമെന്നും സർക്കുലറിൽ പറയുന്നു .
അതിർത്തി സുരക്ഷാ സേനയുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഭവത്തെക്കുറിച്ചോ അനിഷ്ട സംഭവങ്ങളെക്കുറിച്ചോ ഔദ്യോഗികമായി പുറത്തിറക്കിയ ചിത്രങ്ങൾ ഉപയോഗിക്കണം . അനധികൃത വ്യക്തികളെ ചിത്രങ്ങൾ എടുക്കുന്നതിൽ നിന്ന് വിലക്കണം . സോഷ്യൽ മീഡിയയിലൂടെ ശത്രുരാജ്യങ്ങൾ നടത്തിയ റാക്കറ്റിന്റെ വലയിൽ ഏതാനും ബിഎസ്എഫ് ഉദ്യോഗസ്ഥർ എങ്ങനെ വീണുപോയെന്നും സർക്കുലറിൽ എടുത്തുപറയുന്നു.ബിഎസ്എഫ് ഓഫീസർമാരും ,ജവാന്മാരും പൂർണ്ണമായും ഒഴിവാക്കേണ്ട 42 മൊബൈൽ ആപ്ലിക്കേഷനുകളുടെ പട്ടികയും സർക്കുലറിൽ കൊടുത്തിട്ടുണ്ട് .