അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച 2019 -2020 വർഷത്തെ യു.എ ഇ തല ശീതകാല കായികമേളയിൽ അബുദാബി ഇന്ത്യൻ സ്കൂൾ മുറൂർ കൂടുതൽ പോയിന്റ് നേടി ജേതാക്കളായി. അബുദാബി ആംഡ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടന്ന കായികമേള അഹല്യ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ സൂരജ് പ്രഭാകർ ഉദ്ഘാടനം ചെയ്തു .
സെന്റർ പ്രസിഡണ്ട് എ. കെ ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. ഷാബിയ പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽ ഷെഹി , അബുദാബി കമ്മ്യുണിറ്റി പോലീസ് പ്രതിനിധികൾ, സെന്റർ ജനറൽ സെക്രെട്ടറി ബിജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. ബാലവേദി പ്രസിഡന്റ് മാളവിക സതീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെന്റർ കായിക വിഭാഗം സെക്രെട്ടറി റജീദ് പട്ടോളി സ്വാഗതവും അസിസ്റ്റൻഡ് സെക്രെട്ടറി സതീഷ് കാട്ടിലകത്ത് നന്ദിയും പറഞ്ഞു .ഷാബിയ പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽ ഷെഹി ദീപ ശിഖ തെളിയിച്ചു. വര്‍ണശബളമായ പരേഡില്‍ മാനേജിങ് കമ്മറ്റി അംഗങ്ങള്‍ , വിശിഷ്ടാതിഥികൾ എന്നിവർ ചേർന്ന് ഗാഡ്ഓഫ്ഓണര് സല്യൂട്ട് സ്വീകരിച്ചു.
തുടര്‍ന്ന് വിവിധ ഇനങ്ങളിലായി വിവിധ കായിക മത്സരങ്ങള്‍ നടന്നു. 6 വയസിനു താഴെയുള്ള വിഭാഗങ്ങള്‍ മുതല്‍ പ്രായം ചെന്നവരുടെ വിഭാഗങ്ങൾ വരെ ഉണ്ടായിരുന്നു.മുതിര്‍ന്നവരുടെ നൂറുമീറ്റര്‍ ഓട്ടം .400 മീറ്റര്‍ റിലേ, ഷോട്ട് പുട്ട് തുടങ്ങിയവയിൽ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി. കായികമേളയുടെ അവസാനം നടന്ന മൂന്നുകാലിൽ ഓട്ടം കാണികളിൽ ആവേശം നിറച്ചു , സെന്റർ നടത്തുന്ന കായിക മേളകളിൽ സ്ഥിര സാന്നിദ്ധ്യവും , പവർ പ്ലാസ്റ്റിക് ഫാക്ടറി എം. ഡി യുമായ ശ്രീ.രാജനെ സമ്മാനദാന ചടങ്ങിൽ വച്ച് ആദരിച്ചു. സെന്റർ പ്രസിഡണ്ട് എ. കെ ബീരാൻ കുട്ടി ശ്രീ. രാജനെ പൊന്നാടയണിയിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ സെന്റർ പ്രസിഡണ്ട് എ. കെ ബീരാൻ കുട്ടി, ജനറൽ സെക്രെട്ടറി ബിജിത് കുമാർ, മാനേജ്മന്റ് കമ്മിറ്റി അംഗംങ്ങൾ, വനിതാകമ്മിറ്റി അംഗങ്ങൾ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് വിതരണം ചെയ്തു.
മുൻ കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എൻ. വി മോഹനൻ , വി. പി കൃഷ്ണ കുമാർ, പി. പത്മനാഭൻ , വളണ്ടിയർ ക്യാപ്റ്റൻ ബാബുരാജ് പിലിക്കോട് , ട്രഷറർ നികേഷ് കുമാർ, കലാവിഭാഗം സെക്രെട്ടറി ഹാരിസ് സി. എം. പി സലീം ചിറക്കൽ, ബാബു ഷാജിൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.