അബുദാബി സാംസ്കാരിക വേദി മുസ്സഫ അഹല്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മുൻ ഇന്ത്യൻ സൈനികരെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യൻ എംബസി കോൺസുലർ രാജമുരുഗൻ നിർവ്വഹിച്ചു. അഹല്യ ഹോസ്പിറ്റൽ അബുദാബി മെഡിക്കൽ ഡയക്ടറും മുൻ വ്യോമ സേന ഓഫീസറുമായ ഡോക്ടർ സംഗീത ശർമ്മ മുഖ്യ പ്രഭാഷണം നടത്തി.പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കേണൽ റാങ്കു മുതൽ നായക് റാങ്കു വരെയുള്ള സൈനിക-അർദ്ധ സൈനികവിഭാഗങ്ങളിലെ മുപ്പതു സൈനികരെ ആദരിച്ചു. കാശ്മീരിൽ കുഴി ബോംബ് സ്ഫോടനത്തിൽ മരിച്ച ജവാൻ അഭിജിത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾക്ക് തുടക്കമായത് . രണ്ടായിരത്തിൽ കശ്മീരിൽ നടന്ന ഭീകര ആക്രമണത്തിൽരക്തസാക്ഷിയായ കര സേന ഓഫീസർ ലഫ്റ്റന്റ് നവാങ് ത്രിപാഡിയയുടെ കുടുംബാങ്ങളെയും ചടങ്ങിൽ ആദരിച്ചു. തുടർച്ചയായി ഇത് ഏഴാം വർഷമാണ് അബുദാബി സാംസ്കാരിക വേദി മുൻ സൈനികരെ ആദരിക്കുന്നത്. സാംസ്കാരിക വേദി നടത്തിയ യു എ ഇ ഓപ്പൺ ചിത്ര രചന- കളറിംഗ് മത്സരവിജയികൾക്കുള്ള സമ്മാന ദാനവും സാംസകാരിക വേദിയുടെ വിദ്യാഭ്യാസ അവാർഡും ചടങ്ങിൽ വെച്ച് സമ്മാനിച്ചു.