ചെന്നൈ : ആര്‍എസ്എസ് സൈദ്ധാന്തികനും തുഗ്ലക് വാരികയുടെ എഡിറ്ററുമായ ഗുരുമൂര്‍ത്തിയുടെ വധിക്കാന്‍ ശ്രമിച്ച എട്ട് പേരെ പോലീസ് പിടികൂടി. ചെന്നൈ സ്വദേശികളായ ശശികുമാര്‍, ജനാര്ധനന്, ബാലു, തമിഴ്, പ്രശാന്ത്, ശക്തി, ദീപന്, വാസുദേവന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
ആക്രമണം നടത്താന്‍ വീടിന് പരിസരത്തെത്തിയ ഇവരെ കണ്ട് വളര്‍ത്തുനായ കുരച്ചതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഭയന്ന് ഓടിയ പ്രതികളെ പിന്തുടര്ന്നാണ് പോലീസ് പിടികൂടിയത്. വുഡ്ലാന്റ് ഹോട്ടല്‍, സത്യം തീയറ്റേഴ്സ് എന്നിവിടങ്ങളില്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതിയാണ് ശശികുമാര്‍ എന്ന് പോലീസ് അറിയിച്ചു.
2013 മുതതല്‍ വധഭീഷണി നേരിടുന്നയാളാണ് താന്‍ എന്ന് ഗുരുമൂര്‍ത്തി ട്വീറ്റ് ചെയ്തു. ഫക്രൂദ്ദീന്‍ എന്നയാള്‍ വധിക്കാന്‍ ഒരുങ്ങുന്നതിന് തൊട്ടുമുന്‍പാണ് പോലീസിന്റെ പിടിയിലായത്. അയാള്‍ വീടും ഓഫീസും പരിശോധിച്ചിട്ടുണ്ട്. അന്ന് തന്നെ തനിക്ക് ഗണ്മാന് സുരക്ഷ വേണമെന്നും വീട്ടില്‍ സിസി ക്യാമറ സ്ഥാപിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു എന്നും ട്വിറ്ററില്‍ കുറിച്ചു.
തങ്ങളുടെ ജീവിത ശൈലി പ്രകാരം വീടുകളില്‍ നായകളെ വീട്ടില്‍ വളര്‍ത്താറില്ല. തന്റെ സുഹൃത്താണ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം നായയെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണിയുള്ളതിനാല്‍ സൂക്ഷിക്കണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിര്‍ദ്ദേശിച്ചിരുന്നു. തന്നെ വധിക്കാന്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ ധൈര്യം ആവശ്യമാണെന്നും ഗുരുമൂര്‍ത്തി വ്യക്തമാക്കി.