ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് അനുമതി. വുഹാനിലേക്ക് പോകാന്‍ എയര്‍ ഇന്ത്യയ്ക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. അനുമതി ലഭിച്ച സാഹചര്യത്തില്‍ ബോയിംഗ് 747 വിമാനം ഉടന്‍ പുറപ്പെടുമെന്നാണ് വിവരം.
നാല് ഡബിള്‍ ഡക്കര്‍ 747 ബോയിംഗ് വിമാനമാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. ഇതില്‍ ഒരെണ്ണം ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി ഉപയോഗിക്കാമെന്നും, ഇതിനുള്ള അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്.
ഡോക്ടര്‍മാരും, പാരാമെഡിക്കല്‍ അംഗങ്ങളും അടങ്ങിയ വിദഗ്ധ സംഘമാണ് വിമാനത്തില്‍ വുഹാനിലേക്ക് പോകുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആവശ്യത്തിന് മരുന്നുകളും മാസ്ക്കുകളും ഇവരുടെ പക്കല്‍ ഉണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വുഹാനിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 700 ലധികം ആളുകള്‍ ഉള്ളതായാണ് കണക്കുകള്‍. ഇതില്‍ ചിലര്‍ പുതുവത്സര അവധിക്കായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവരെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.