തിരുവനന്തപുരം: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും രാജ്യദ്രോഹ കൂട്ടുകെട്ടിനെതിരേ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിയില്‍ കുമ്മനം രാജശേഖരന് പ്രതിഷേധം രേഖപ്പെടുത്തി.
പ്രസ് ക്ലബിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഗവര്‍ണറെ തടയാന്‍ രമേശ് ചെന്നിത്തലയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് കുമ്മനം രാജശേഖരന് ചോദിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രതികരിക്കേണ്ടത് ഗവര്‍ണറെ തടഞ്ഞ് കൊണ്ടല്ല. ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെട്ട രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടെ ജനങ്ങള്‍ തിരിച്ചു വിളിക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ഭരണഘടനാപരമായ ബാധ്യതയാണ് ഗവര്‍ണര്‍ നിറവേറ്റിയത്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് വ്യക്തമാണെന്നും എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത് ഇരുകൂട്ടരും കാട്ടുന്ന രാഷ്ട്രീയ പാപ്പരത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ പ്രതിനിധിയെപോലും തടയുന്ന സാഹചര്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന സമരങ്ങള്‍ക്കെതിരായി വരും ദിവസങ്ങളില്‍ ജനജാഗ്രത സംഗമം അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം.