ന്യൂഡല്‍ഹി : ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങി അമേരിക്കന്‍ വ്യാപാര പ്രതിനിധി റോബറ്റ് ലൈറ്റ്ഹൈസര്‍. ഫെബ്രുവരി രണ്ടാം വാരത്തില്‍ ലൈറ്റ് ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് വ്യാപാര പ്രതിനിധി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ റോബര്‍ട്ട് ലൈറ്റ്ഹൈസറെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള അമേരിക്കന്‍ വ്യാപാര പ്രതിനിധിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ദൃഢമാക്കുമെന്നാണ് വിലയിരുത്തുന്നത്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ പുതിയ കരാറില്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ.
ഫെബ്രുവരി അവസാനവാരമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇംപീച്ച്മെന്റ് വിചാരണകള്ക്കിടയിലാകും ട്രംപിന്റെ സന്ദര്‍ശനം. നിലവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുളള സാധ്യമായ ഇടാപാടിന്റെ രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.