Kerala

101 പേജുള്ള, ഗവർണർ ഇന്ന് സഭയിൽ വായിച്ച സർക്കാരിന്റെ നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കം ഇതാണ്

രണ്ട് മണിക്കൂറോളം നീണ്ട നയപ്രഖ്യാപനപ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള പദ്ധതികള്‍ക്കു പുറമേ ഭാവി പദ്ധതികളുടെ രൂപീകരണവുമാണ് ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചത്. പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും ഉല്പാദിപ്പിക്കാനുള്ള തീരുമാനവും നയപ്രഖ്യാപനത്തിലുള്‍പ്പെടുത്തി.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഒന്‍പത് മണിയ്ക്ക് ആരംഭിക്കാനിരുന്ന നയപ്രഖ്യാപന പ്രസംഗം 10 മിനിട്ട് വൈകി 9.10 നാണ് ആരംഭിച്ചത്. 101 പേജുവരുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാനത്തെ വിവിധ മേഖലകളിലെ വികസന പദ്ധതികളും പുതിയ പദ്ധതികളുടെ രൂപീകരണവും ഗവര്‍ണര്‍ പൂര്‍ണമായും വായിച്ചു. ഗോത്ര വര്‍ഗക്കാരുടെ വംശീയ ഭക്ഷണ സംസ്‌കാരം സംരക്ഷിക്കുന്നതിനും പോഷകാഹാര സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അട്ടപ്പാടി, അതിരപ്പള്ളി തുടങ്ങിയ ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ പ്രത്യേക പദ്ധതി രൂപീകരിക്കും. പാലക്കാട് കണ്ണമ്പ്രയില്‍ പ്രതിദിനം 200 മെട്രിക് ടണ്‍ ഉല്പാദനശേഷിയുള്ള ആധുനിക അരിമില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള തീരുമാനം നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.

ബ്ലോക്ക് തലത്തില്‍നടക്കുന്ന പരിപാടികളും പ്രവര്‍ത്തനങ്ങളും കാലതാമസം കൂടാതെ ജനങ്ങളിലേയ്‌ക്കെത്തിക്കാന്‍ മൈബൈല്‍ ജേര്‍ണലിസത്തിന്റെ മേഖലയിലേയ്ക്കും സര്‍ക്കാര്‍ പ്രവേശിക്കുന്നു. ലൈഫ് മിഷന്റെ അടുത്തഘട്ടത്തില്‍ പ്രി-ഫാബ് സാങ്കേതികവിദ്യയുടെ ഭാഗമായി ഭൂ-ഭവന രഹിതര്‍ക്ക് ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ നല്‍കും.

കെഎസ്ഇബി ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 60 ലേറെ കേന്ദ്രങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും വാങ്ങുന്നതിനായി പലിശരഹിത വായ്പകള്‍ നല്‍കും. എല്ലാ സംസ്ഥാന പാതകളും രണ്ട് വരി നിലവാരത്തിലേയ്ക്ക് ഘട്ടംഘട്ടമായി വികസിപ്പിക്കാനും തീരുമാനമുണ്ട്.

രണ്ട് മണിക്കൂർ നീണ്ട നയ പ്രഖ്യാപന പ്രസംഗത്തിൽ ഇതുവരെ പ്രഖ്യാപിച്ചതിന് പുറമെ പുതിയ പദ്ധതികൾ ഒന്നും ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 11.18 നാണ് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അവസാനിപ്പിച്ചത്. ദേശീയഗാനത്തിനു ശേഷം സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രി എ.കെ ബാലനും ഗവര്‍ണറെ രാജ്ഭവനിലേയ്ക്ക് യാത്രയാക്കി.

6 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close