ന്യൂഡല്‍ഹി: ജാമിയാ നഗറിലുണ്ടായ അക്രമങ്ങളില്‍ പങ്കാളികളെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്. അക്രമം നടന്നപ്പോഴുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചു.
സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 01123013918, 9750871252 എന്നീ ഫോണ്‍ നമ്പരുകളില്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഡിസംബര്‍ 15 നാണ് ജാമിയാ നഗറില്‍ സംഘര്‍ഷമുണ്ടായത്. നൂറു കണക്കിന് വാഹനങ്ങള്‍ക്കാണ് സംഘര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. അഞ്ചു ബസുകള്‍ കത്തി നശിച്ചു. പ്രക്ഷോഭകാരികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര് വാതക പ്രയോഗവും നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ 120 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.