കൊച്ചി: ആലുവ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്ക് മരുന്ന് എത്തിച്ചു നല്കുന്ന ഇതരസംസ്ഥാനക്കാരന് പിടിയില്‍. അസം സ്വദേശി ഫക്രുദ്ദീന്‍ അബ്ദുള്‍ കലാമാണ് പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും 1.250 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്.
അസമില്‍ വളരെ തുച്ഛമായ വിലയ്ക്ക് കിട്ടുന്ന കഞ്ചാവ് ആലുവയില്‍ എത്തിച്ച് അന്‍പതിരട്ടിയോളം ലാഭത്തിലാണ് വില്‍ക്കുന്നത്. അസമില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരില്‍ എത്തി അവിടെ നിന്ന് ബസിലാണ് ആലുവയില്‍ എത്തിയിരുന്നത്. ആലുവ റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതിനാലാണ് പ്രതി ഇത്തരത്തില്‍ ആലുവയില്‍ എത്തിയിരുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് ആലുവ റേഞ്ച് എക്സൈസ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഷാഡോ സംഘം ആലുവയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് ഇതര സംസ്ഥാനക്കാരായ ആളുകളെ കുറച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീന്‍ അബ്ദുള്‍ കലാം കഞ്ചാവുമായി വരുന്ന വിവരം ലഭിച്ചത്. ആലുവ യു സി കോളേജിന് സമീപം കഞ്ചാവ് കൈമാറുന്നതിനായി സുഹൃത്തിനെ കാത്ത് നില്‍ക്കുമ്പോഴാണ് പ്രതിയെ ആലുവ റേഞ്ച് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ടീം പിടികൂടിയത്.